കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് കാപ്പന്റെ ഭാര്യ റൈഹാന.
വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതിനാല്‍ തനിക്കിപ്പോള്‍ സമാധാനം തോന്നുന്നുണ്ടെന്ന് റൈഹാന മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകാരികമായി സംസാരിച്ചത് ഒരു ഭാര്യ എന്ന നിലയ്ക്കുള്ള വേദന കൊണ്ടാണ്. അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രിയുടെ സഹായം ഇനിയും തനിക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റൈഹാന പറഞ്ഞു.
പത്രപ്രവര്‍ത്തക യൂണിയനും മാധ്യമസമൂഹവും സാംസ്‌കാരിക പ്രവര്‍ത്തകരും തനിക്കൊപ്പം നിന്നുവെന്നും ഇനിയും എല്ലാരും കൂടെ നില്‍ക്കണമെന്നും അവര്‍ പറഞ്ഞു. ഒരു വിഭാഗമല്ലാത്ത എല്ലാവരും തന്റെ കൂടെയുണ്ട് എന്ന വിശ്വാസം തനിക്കുണ്ടെന്നും അത് തനിക്ക് നല്‍കുന്ന പോസിറ്റിവിറ്റി ചെറുതല്ലെന്നും കാപ്പന്റെ ഭാര്യ റൈഹാന കൂട്ടിച്ചേര്‍ത്തു.
ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.