തിരുവനന്തപുരത്ത് മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ വൻ തിരക്ക്; രണ്ടുപേർ കുഴഞ്ഞുവീണു; സാമൂഹിക അകലം പാലിക്കാതെ തിങ്ങിനിറഞ്ഞ് ജനങ്ങൾ

vaccine_

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ വൻജനക്കൂട്ടം. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന മെഗാവാക്‌സിനേഷൻ ക്യാമ്പിലാണ് വൻതിരക്ക്. ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടും തിരക്ക് നിയന്ത്രിക്കാനായിട്ടില്ല. പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്.

തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കൺ നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ അതും വിജയിച്ചില്ല. വാക്‌സിൻ എടുക്കാൻ എത്തിയവരും പോലീസും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു.

വാക്‌സിൻ എടുക്കാൻ എത്തിയവരുടെ സാമൂഹിക അകലം പാലിക്കാതെയുള്ള നീണ്ട വരിയിലെ തിരക്കിൽപ്പെട്ട് രണ്ടുപേർ കുഴഞ്ഞുവീണു. രാവിലെ ഏഴുമണി മുതൽ ഇവിടേക്ക് ആളുകൾ എത്തി തുടങ്ങിയിരുന്നു. വാക്‌സിനേഷൻ കേന്ദ്രത്തിനുള്ളിലേക്ക് കയറാൻ തിക്കും തിരക്കും ഉണ്ടാക്കുകയും ചെയ്തു.

ഓൺലൈൻ രജിസ്‌ട്രേഷനിൽ വിവിധ ടൈം സ്ലോട്ടുകൾ ലഭിച്ചവർ ഒരുമിച്ച് എത്തിയതാണ് വലിയ തിരക്കിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കുന്നു. ക്യാമ്പിൽ ഇന്ന് രണ്ടായിരം പേർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും എത്തുകയായിരുന്നു.

Exit mobile version