തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസിയിലെ 3861 എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ച് വിടാന്‍ നോട്ടീസ് അയച്ചു തുടങ്ങി. കെഎസ്ആര്‍ടിസിയില്‍ നിയമനം കാത്തുനില്‍ക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവരുടെ ജോലി അവസരം എംപാനല്‍ ജീവനക്കാര്‍ തടസ്സപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ജീവനക്കാരെ പിരിച്ച് വിട്ട് പിഎസ് സി പട്ടികയില്‍ നിന്ന് നിയമനം നടത്താനുമുള്ള ഉത്തരവ് കെഎസ്ആര്‍ടിസിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടാന്‍ സാവകാശം ചോദിച്ച് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണ് നോട്ടീസ് അയക്കുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ച് തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതിനാല്‍ കോടതി വിധി അനുസരിക്കുക മാത്രമേ മാര്‍ഗമുള്ളുവെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഒന്‍പതിനായിരത്തിലധികം വരുന്ന എം പാനല്‍ ജീവനക്കാരില്‍ പകുതി പേരെയാണ് പിരിച്ച് വിടുന്നത്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പ്രതിവര്‍ഷം 120 ദിവസം ജോലിയെടുത്ത പത്ത് വര്‍ഷത്തിന് മുകളില്‍ സര്‍വ്വീസുള്ള എം പാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണം. പിഎസ് സി അഡൈ്വസ് മെമ്മോ കിട്ടിയ 4051 ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുകയും ചെയ്യണം. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ നിയമനം നടത്താത്ത കെഎസ്ആര്‍ടിസിക്ക് ഇത് ഇരട്ടി ഭാരമാണുണ്ടാക്കുക.
Discussion about this post