ആലപ്പുഴ: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അഭിരാമിയും ശരത്‌മോനും ഇന്ന് വിവാഹിതരാവുകയാണ്. ഞായറാഴ്ച പകൽ പന്ത്രണ്ടിനും 12.15നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് ശരത്‌മോൻ അഭിരാമിയെ താലിചാർത്തുന്നത്. പക്ഷെ ഈ വിവാഹം സാധാരണ വിവാഹങ്ങൾ പോലെ വധൂഗൃഹത്തിലെ ഓഡിറ്റോറിയത്തിലോ അല്ല. അഭിരാമിക്കും ശരത്തിനും വിവാഹത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രത്യേകമുറിയാണ് വിവാഹപന്തലായി ഒരുക്കിയിരിക്കുന്നത്. കോവിഡ് രോഗിയായ ശരത് അഭിരാമിയെ താലിചാർത്തി ഭാര്യയാക്കി ബന്ധുവിന്റെ വീട്ടിലേക്കു യാത്രയാക്കും. വരനാകട്ടെ കോവിഡ് വാർഡിലേക്കും മടങ്ങും.
മുമ്പ് തന്നെ നിശ്ചയിച്ചുറപ്പിച്ച് വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതിനിടെയാണ് ഏതാനുംദിവസംമുൻപ് വരനും അമ്മയ്ക്കും കോവിഡ് പിടിപെട്ടത്. എങ്കിലും മുഹൂർത്തം തെറ്റാതെ ചടങ്ങുനടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് കോവിഡ് വാർഡിൽ താലികെട്ടിനു വഴിയൊരുങ്ങിയത്.
പള്ളാത്തുരുത്തി 25ാം നമ്പർ എസ്എൻഡിപി ശാഖായോഗം സെക്രട്ടറി കൈനകരി ഓണംപള്ളി എൻ ശശിധരന്റെയും ജിജിമോളുടെയും മകനാണ് ശരത്‌മോൻ. അഭിരാമി തെക്കനാര്യാട് പ്ലാംപറമ്പിൽ സുജിയുടെയും കുസുമത്തിന്റെയും മകളും. ഖത്തറിലാണ് ശരത്‌മോന് ജോലി. ഒരു വർഷം മുമ്പ് വിവാഹത്തിനായി ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും കോവിഡ് കാലത്ത് ശരത്തിന് നാട്ടിലെത്താൻ കഴിയാത്തതിനാൽ നീണ്ടുപോയി.
പിന്നീട് കഴിഞ്ഞമാസം 22നാണ് ശരത് നാട്ടിലെത്തിയത്. പത്തുദിവസം ക്വാറന്റീനിൽ കഴിഞ്ഞശേഷം പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പാക്കി. സർക്കാരിന്റെ ഏറ്റവുമൊടുവിലത്തെ നിർദേശപ്രകാരം ക്ഷണിക്കപ്പെട്ടവരുടെ എണ്ണം 75 പേരായി ചുരുക്കി. ഒരുക്കങ്ങളെല്ലാം പൂർത്തിയാകുന്നതിനിടെയാണ് ബുധനാഴ്ച വൈകീട്ട് ശരത്തിനും അമ്മയ്ക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പോയത്. പരിശോധനയിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇനിയും വിവാഹം മാറ്റിവെയ്‌ക്കേണ്ടതില്ലെന്ന കുടുംബത്തിന്റെ തീരുമാനത്തിന് ഒപ്പം രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകരും നിലകൊണ്ടതോടെ കോവിഡ് വാർഡ് വിവാഹപന്തലാകുകയായിരുന്നു. കുട്ടനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസ്, എൻസിപി ജില്ലാ സെക്രട്ടറി പി സണ്ണി, എസ്എൻഡിപി മാനേജിങ് കമ്മിറ്റിയംഗം ഷജി ഗോപാലൻ എന്നിവർ മുൻകൈയെടുത്താണ് ആശുപത്രിയിൽ വിവാഹത്തിന് അവസരമൊരുക്കിയത്. കളക്ടർ എ അലക്‌സാണ്ടർ, ആശുപത്രി സൂപ്രണ്ട് ഡോ. ആർവി രാംലാൽ എന്നിവർ അനുമതിനൽകി.
ശരത്തും അമ്മ ജിജിമോളും അഭിരാമിയും മാതൃസഹോദരീ ഭർത്താവും മാത്രമാണ് സുരക്ഷാവസ്ത്രംധരിച്ച് ചടങ്ങിൽ പങ്കെടുക്കുന്നത്. ഏതാനും ബന്ധുക്കൾ ആശുപത്രിക്കുപുറത്തുണ്ടാകും. ശരത്തിന്റെ അച്ഛനും സഹോദരിമാരും മുത്തശ്ശിയും വീട്ടിൽ ക്വാറന്റീലാണ്. വിവാഹശേഷം അഭിരാമി മാതൃസഹോദരിയുടെ വീട്ടിലേക്കുമടങ്ങും. ശരത് കോവിഡ്മുക്തനായി നീരീക്ഷണവും കഴിഞ്ഞ് എത്തിയാൽ ഇരുവരും ശരതിന്റെ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തി ഒരുമിച്ചുള്ള ജീവിതം ആരംഭിക്കും.