കൊവിഡ് വാക്സിന്‍ ചലഞ്ച് സഹകരണ മേഖലയും ഏറ്റെടുക്കും;ആദ്യ ഘട്ടമായി 200 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

kadakampally | bignewslive

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ ചലഞ്ച് സഹകരണ മേഖലയും ഏറ്റെടുക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആദ്യ ഘട്ടമായി 200 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇന്ന് വിളിച്ച് ചേര്‍ത്ത സഹകരണ മേഖലയിലെ പ്രമുഖരുടെയും ഉന്നതോദ്യോഗസ്ഥരുടേയും ഓണ്‍ലൈന്‍ യോഗത്തിലാണ് ആദ്യഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ച് നല്‍കാന്‍ തീരുമാനിച്ചത്.

ചലഞ്ചില്‍ പങ്കെടുത്തു കൊണ്ട് പ്രാഥമിക വായ്പാ സംഘങ്ങള്‍ ഗ്രേഡിംഗ് പ്രകാരം 2 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കും. പ്രാഥമിക വായ്‌പേതര സംഘങ്ങള്‍ 50,000 മുതല്‍ 1 ലക്ഷം രൂപ വരെ നല്‍കും. കേരള ബാങ്ക് 5 കോടി രൂപയും സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 2 കോടി രൂപയും, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ഓരോ കോടി രൂപ വീതവും മറ്റുള്ള സ്ഥാപനങ്ങള്‍ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും സംഭാവന നല്‍കും.

2 ദിവസത്തെ ശമ്പളം സഹകരണ ജീവനക്കാര്‍ സിഎംഡിആര്‍എഫിലേക്ക് നല്‍കും. ഒരു ദിവസത്തെ ശമ്പളം ഏപ്രില്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും ഒരു ദിവസത്തെ ശമ്പളം മെയ് മാസത്തെ ശമ്പളത്തില്‍ നിന്നുമാണ് നല്‍കുക. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ജീവനക്കാര്‍ 2 ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും.

സഹകരണ ആശുപത്രികള്‍, ലാബുകള്‍, ആംബുലന്‍സുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ കൂടുതല്‍ സേവന സന്നദ്ധമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കും. പലവ്യഞ്ജനങ്ങള്‍, മരുന്ന് എന്നിവയുടെ വാതില്‍പടി വിതരണം കണ്‍സ്യൂമര്‍ ഫെഡ് കൂടുതല്‍ വിപുലമാക്കും. മാര്‍ക്കറ്റിങ് ഫെഡറേഷനും ഇതു പോലുള്ള നടപടികള്‍ സ്വീകരിക്കും.

സംഘങ്ങളുടെ പൊതുനന്മ ഫണ്ട്, വിഭജിക്കാത്ത ലാഭം എന്നിവയില്‍ നിന്നും സംഘം ഭരണ സമിതിയുടെയോ, പൊതുയോഗ തീരുമാന പ്രകാരമോ ഈ നിധിയിലേക്ക് സംഭാവന നല്‍കാവുന്നതാണ്.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കഴിഞ്ഞ കാലങ്ങളില്‍ സഹകരണ പ്രസ്ഥാനം കേരളത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിലെ സഹായി എന്ന മുഖ്യമന്ത്രിയുടെ വിശേഷണം ഒന്നുകൂടി അരക്കിട്ടു ഉറപ്പിക്കുന്നതാകും സഹകരണ മേഖലയുടെ ഈ ഇടപെടല്‍ എന്ന് മന്ത്രി പറഞ്ഞു.

Exit mobile version