‘ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്‌സിന്‍ സ്വീകരിക്കരുത്’; പ്രചാരണത്തിലെ സത്യാവസ്ഥയെന്ത്

മലപ്പുറം: മെയ് 1 മുതല്‍ രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും. അതേസമയം, ഇതിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകളും നിറയുകയാണ്.

അതിലൊന്നാണ് ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ സ്ത്രീകള്‍ കൊവിഡ്-19 വാക്സിന്‍ സ്വീകരിക്കരുതെന്ന് എന്ന് പറയുന്നത.് ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറയുമെന്നും അതിനാല്‍ വാക്സിന്‍ സ്വീകരിക്കരുതെന്നുമാണ് വാട്സ്ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും ആര്‍ത്തവ തീയ്യതിയും വാക്സിനേഷനും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും വ്യക്തമാക്കുകയാണ് ഡോ. ഷിംന അസീസ്.

മെയ് 1 മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ വാക്സിന്‍ സ്വീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് ഇത്തരം വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നത്.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്:

പിരീഡ്‌സിന്‌ അഞ്ച്‌ ദിവസം മുൻപോ ശേഷമോ കോവിഡ്‌ വാക്‌സിനേഷൻ എടുക്കരുതെന്ന്‌ പുതിയ ‘വാട്ട്‌സ്ആപ്പ് സർവ്വകലാശാല പഠനങ്ങൾ’ സൂചിപ്പിക്കുന്നത്. ആ ദിവസങ്ങളിൽ സ്‌ത്രീകൾക്ക്‌ പ്രതിരോധശേഷി കുറവായിരിക്കുമത്രേ. കൊള്ളാല്ലോ കളി ! പതിനെട്ട്‌ വയസ്സ്‌ മുതൽ 45 വയസ്സ്‌ വരെയുള്ളവരെക്കൂടി മെയ്‌ ഒന്ന്‌ മുതൽ വാക്‌സിനേഷൻ ഗുണഭോക്‌താക്കളായി സർക്കാർ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ ഈ ഐറ്റം റിലീസായിരിക്കുന്നത്‌.

അപ്പോൾ ഇത്‌ സത്യമല്ലേ?
സത്യമല്ല.

ഒന്നോർത്ത്‌ നോക്കൂ, ആദ്യഘട്ടത്തിൽ വാക്‌സിനേഷൻ ലഭിച്ചത്‌ ആരോഗ്യപ്രവർത്തകർക്കാണ്‌. അവരിൽ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീർച്ചയായും ആർത്തവമുള്ള സ്‌ത്രീകളും അവരിൽ ഉൾപ്പെടുന്നു. ആർത്തവം കൊണ്ട്‌ പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കിൽ അന്ന്‌ വാക്‌സിനേഷൻ കൊണ്ട്‌ ഏറ്റവും വലിയ രീതിയിൽ ജീവന്‌ ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവർത്തകകൾ ആണ്‌, തൊട്ട്‌ പിറകേ വാക്‌സിനേഷൻ ലഭിച്ച മുൻനിരപോരാളികളാണ്‌.

രോഗാണുവുമായി നേരിട്ടുള്ള സമ്പർക്കം അത്ര മേൽ വരാത്ത സാധാരണക്കാരെ മാസത്തിൽ ചുരുങ്ങിയത്‌ പതിനഞ്ച്‌ ദിവസം വാക്‌സിനേഷനിൽ നിന്ന്‌ അകറ്റി നിർത്തുകയെന്നത്‌ മാത്രമാണ്‌ ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം.

കിംവദന്തികളിൽ വഞ്ചിതരാകാതിരിക്കുക. വാക്‌സിനേഷനും നിങ്ങളുടെ ആർത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല. യഥാസമയം കോവിഡ്‌ വാക്‌സിൻ സ്വീകരിക്കുക, മാസ്‌ക്‌ കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ കൂടെക്കൂടെ വൃത്തിയാക്കുക.

അടിസ്‌ഥാനമില്ലാത്ത സോഷ്യൽ മീഡിയ കുപ്രചരണങ്ങളോടും കൂടി പ്രതിരോധം തേടുക”.

പിരീഡ്‌സിന്‌ അഞ്ച്‌ ദിവസം മുൻപോ ശേഷമോ കോവിഡ്‌ വാക്‌സിനേഷൻ എടുക്കരുതെന്ന്‌ പുതിയ 'വാട്ട്‌സ്ആപ്പ് സർവ്വകലാശാല പഠനങ്ങൾ'…

Posted by Shimna Azeez on Friday, 23 April 2021

Exit mobile version