തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ ആല്‍മരത്തിന്റെ ശിഖിരം പൊട്ടിവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കുട്ടനെല്ലൂര്‍ സ്വദേശി രമേശ്, പനയത്ത് രാധാകൃഷ്ണന് എന്നിവരാണ് മരിച്ചത്. അതേസമയം, ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സിഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിനിടെ രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് മേലേയ്ക്ക് സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു.
ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. അതേസമയം, ഉടന്‍ തന്നെ തളയ്ക്കാനും സാധിച്ചത് വന്‍ ദുരന്തം ഒഴിവാക്കാനായി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുട്ടായതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം ചെറിയ രീതിയില്‍ തടസപ്പെട്ടു.
Discussion about this post