തിരുവനന്തപുരം: കോവിഡ് രണ്ടാം വ്യാപനത്തിലും സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങായി പോര്‍ട്ട് കൊല്ലം സ്വദേശി സുബൈദ. ഇത്തവണയും ആടുകളെ വിറ്റ് 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ് സുബൈദ.
ആടിനെ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സുബൈദ ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും സ്വന്തം ആടിനെ വിറ്റുതന്നെയാണ് സുബൈദയുടെ സഹായമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വാക്‌സിനുവേണ്ടിയുള്ള സംഭാവനകള്‍ സ്വീകരിക്കാന്‍ പ്രത്യേക സിഎംഡിആര്‍ അക്കൗണ്ട് രൂപികരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡോസിന് 400 രൂപ നല്‍കി വാക്‌സീന്‍ വാങ്ങാന്‍ 1300 കോടി രൂപ ചെലവാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാവില്ലെന്ന് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യം മുഴുവന്‍ സൗജന്യമായി വാക്‌സീന്‍ നല്‍കാന്‍ കേന്ദ്രം തയാറാകണം. കയ്യില്‍ പണമുള്ളവര്‍ക്ക് മാത്രം വാക്‌സീന്‍ മതി എന്ന നിലപാട് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വാക്‌സീന്‍ ചാലഞ്ച് ഏറ്റെടുത്ത് സിപിഎം രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്നുമാത്രം ഒരു കോടിയിലേറെ രൂപയാണ് സംഭാവന ലഭിച്ചത്.
പോര്‍ട്ട് കൊല്ലം സ്വദേശിനിയായ സുബൈദ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റുകിട്ടിയ 5510 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നത്.