തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍, വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 22 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച വൈകീട്ട് 4.30 വരെയുള്ള കണക്കാണിത്.
ഇതാണ് കേരളത്തിന്റെ കരുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാക്‌സിന്‍ എടുത്തവര്‍ 400 രൂപ എന്ന നിരക്കില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുക എന്ന നിലയില്‍ ഒരു സോഷ്യല്‍ മീഡിയ പ്രചാരണം നടക്കുന്നുണ്ട്. അതെപ്പറ്റി എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം. അതിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു:
”അതാണ് നമ്മുടെ നാടിന്റെ ഒരു പ്രത്യേകത. ഇത് നമ്മുടെ നാടല്ലേ? കേരളമല്ലേ? കേരളത്തിന്റെ കൂട്ടായ്മയുടെ ഒരു ശക്തി നമ്മള്‍ ഇതിനു മുന്‍പും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് നമുക്ക് പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുകയാണ് ജനങ്ങള്‍. വരും ദിവസങ്ങളില്‍ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎംഡിആര്‍എഫിലേക്ക് ഇന്ന്, ഒരു ദിവസത്തിനുള്ളില്‍, ഇന്ന് വൈകിട്ട് നാലര വരെ വാക്‌സിനെടുത്തവര്‍ മാത്രം നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്. സൗജന്യമായി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അപ്പോള്‍ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്ന ആഗ്രഹം ജനങ്ങള്‍ക്ക് സ്വാഭാവികമായും ഉണ്ടാവും. ഈ കാര്യത്തിലും അവരത് ചെയ്യുകയാണ്. ഇതിന്റെ മൂര്‍ദ്ധമായ രൂപം, നാളെ ഒന്നുകൂടി ചര്‍ച്ച ചെയ്തുകൊണ്ട് അവതരിപ്പിക്കുകയും ചെയ്യാം. എങ്ങനെയാണ് കുറേക്കൂടി ഫലപ്രദമായി കാര്യങ്ങള്‍ നീക്കാനാവുക എന്നത് നമുക്ക് അതിന്റെ ഭാഗമായി പരിശോധിക്കുകയും ചെയ്യാം.
രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഓക്‌സിജന്‍ സൗകര്യമുള്ള കൂടുതല്‍ ആംബുലസുകള്‍ ഒരുക്കിയിട്ടുണ്ട്. എറണാകുളത്ത് കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ വഴിയോര കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകും.
പോലീസ് പരിശോധന കര്‍ശനമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനായി ചിലര്‍ വ്യാജപ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടി ഉണ്ടാകും. തൊഴിലാളികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
തൃശൂര്‍ പൂരം മാതൃകാപരമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ പൂരം നടത്താനുള്ള ഒരുക്കം പൂര്‍ത്തിയായി. ശക്തമായ പോലീസ് സുരക്ഷയിലാകും പൂരം.
കൂട്ടംകൂടാതെ നോമ്പ് തുറ നടത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയിലെ അതിര്‍ത്തികളില്‍ കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തി. അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്കായി ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നിട്ടുണ്ട്. ആര്‍ടിപിസിഎആര്‍ ടെസ്റ്റ് നടത്താന്‍ ആവശ്യമായ കിയോസ്‌കുകള്‍ സ്ഥാപിച്ചു.
വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ശുഭപ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. അഥവാ നിഷേധ രൂപത്തിലാണ് മറുപടി വരുന്നതെങ്കില്‍ നമ്മള്‍ വൈകിപ്പോകും. അതിനാലാണ് കമ്പനികളില്‍നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ നടപടി ആരംഭിച്ചത് -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post