ഒറ്റപ്പാലം: വാളയാർ കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ അഡ്വ. എ ജയശങ്കറിനെതിരെ തൃത്താല എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷ് കോടതിയിൽ. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയെയാണ് രാജേഷ് സമീപിച്ചത്.
സ്വകാര്യ ചാനലിൽ എ ജയശങ്കർ നടത്തിയ പരാമർശത്തിൽ ക്രിമിനൽ വകുപ്പു പ്രകാരമുള്ള നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജേഷ് കോടതിയെ സമീപിച്ചത്. സംഭവത്തിൽ രാജേഷിന്റെ വിശദമായ മൊഴിയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അവധി കഴിഞ്ഞാലുടൻ സിവിൽ വ്യവഹാരവും ഫയൽ ചെയ്യുമെന്ന് എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
2019 ഡിസംബർ ആറിനാണ് കേസിന് ആസ്പദമായ സംഭവം. ഹൈദരാബാദിൽ നടന്ന പോലീസ് ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ജയശങ്കർ വാളയാർ കേസ് ഉൾപ്പെടുത്തി തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് രാജേഷിന്റെ ഹരജിയിൽ പറയുന്നത്.
സംഭവത്തിന്റെ ഡിജിറ്റൽ തെളിവുകളും രാജേഷ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ചാനൽ മേധാവിയടക്കം അഞ്ച് പേരാണ് സാക്ഷികളെന്ന് ഹരജിയിൽ പറയുന്നു. കെ ഹരിദാസ് ആണ് എംബി രാജേഷിന്റെ അഭിഭാഷകൻ. കേസ് ഏപ്രിൽ 28ന് വീണ്ടും പരിഗണിക്കും.
Discussion about this post