തിരുവനന്തപുരം: കര്‍ഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസ് മാത്രം മതിയെന്ന് നിര്‍ദേശം. അതേസമയം, വീടുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കാം അനുമതിയുണ്ട്. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ശനി ഞായര്‍ ദിവസങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കൊവിഡ് രാജ്യത്ത് ഗുരുതരമായി പടര്‍ന്ന് പിടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിര്‍ദേശങ്ങള്‍ ഇങ്ങനെ;
കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അത്യാവശ്യ സേവനങ്ങള്‍ക്കുള്ള കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.
ഇവിടത്തെ ജീവനക്കാര്‍ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ജീവനക്കാര്‍ക്കും നിയന്ത്രണമില്ല. ഐ.ടി. മേഖലയില്‍ അത്യാവശ്യത്തിനു മാത്രം ജീവനക്കാരെയേ ഓഫീസില്‍ വന്ന് ജോലിചെയ്യാന്‍ അനുവദിക്കാവൂ.
പഴം, പാല്‍, പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. വീടുകളില്‍ സാധനങ്ങള്‍ എത്തിക്കാനും അനുവാദമുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്ക് തടസ്സമില്ല. പൊതുഗതാഗത വാഹനങ്ങള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും സര്‍വീസ് നടത്താം.
സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും സര്‍വീസ് നടത്താം. വിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും വന്നിറങ്ങുന്ന യാത്രക്കാര്‍ യാത്രാരേഖകള്‍ കൈയില്‍ കരുതണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കുകയും ചെയ്യണം.