തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് വാക്സിന് സൗജന്യം എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം വാക്സിന് സൗജന്യം ആയിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എന്നാല്‍ ലോക്ക്ഡൌണ്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. രാത്രി 7.30ന് കടകള്‍ അടക്കണമെന്നും എന്നാല്‍ ചിലയിടങ്ങളില്‍ ഇളവ് വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 35 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തും.
രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് മുന്‍ഗണന നല്‍കും. ഒരു താലൂക്കില്‍ ഒരു സിഎഫ്എല്‍ടിസി എങ്കിലും ഉണ്ടാകും. സിഎഫ്എല്‍ടിസി ഇല്ലാത്ത താലൂക്കുകളില്‍ ഉടനെ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കും. രോഗികളുടെ വര്‍ദ്ധനവിനനുസരിച്ച് കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് ആശുപത്രികള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന തലത്തില്‍ ടാസ്ക് ഫോഴ്സുകള്‍ രൂപീകരിക്കും. ഇതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഓരോ ദിവസവും സ്ഥിതിഗതികള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്സിന് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഉണ്ടാക്കും. ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവര്‍ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് ബോധവല്‍ക്കരണം ശക്തിപ്പെടുത്താന്‍ ക്യാംപയിനുകള്‍ നടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശനിയാഴ്ച സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളക്ക് പൊതുഅവധി ആയിരിക്കും. ഹയര്‍ സെക്കന്ററി പരീക്ഷയില്‍ മാറ്റമില്ല. 24, 25 തീയതികളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രം. നേരത്തേ നിശ്ചയിച്ച കല്യാണം ഗൃഹപ്രവേശം എന്നിവ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി. 75 പേര് എന്ന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 75 ല്‍ എത്തിക്കാതെ പങ്കാളിത്തം എത്രത്തോളം കുറയ്ക്കാനാകുമോ അത്രയും നല്ലതായിരിക്കും. നിലവിലെ സാഹചര്യം വിലയിരുത്തി ഈ പരിധി കുറയ്ക്കേണ്ടതും ആലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം നടത്തണം. ട്യൂഷന് സെന്ററുകള്‍ നടത്താന്‍ പാടില്ല. സമ്മര്‍ ക്യാംപുകള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് തുടരേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ബീച്ച് പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് പോലീസും സെന്‍ട്രല്‍ മജിസ്ട്രേറ്റുമാരും പൂര്‍ണ്ണമായും ഉറപ്പാക്കണം. രാത്രികാല നിയന്ത്രണം ശക്തമായി തുടരും. രാത്രികാലങ്ങളില്‍ ആഹാരത്തിന് വിഷമമുണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. നോമ്പുകാലമായതിനാല്‍ വീടുകളില്‍ നിന്നല്ലാതെ ഹോട്ടലിനെ ആശ്രയിക്കുന്നവരുമുണ്ടാകും. അത്തരം ആളുകള്‍ക്ക് ഭക്ഷണം ലഭ്യമാകുക എന്നത് പ്രധാനമാണ്. അത്തരം ക്രമീകരണം അതത് സ്ഥലത്ത് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post