ന്യൂഡല്‍ഹി: സ്ത്രീപക്ഷത്ത് നിന്ന് കൊണ്ട് നിലപാട് സ്വീകരിക്കൂ എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്രക്കമ്മിറ്റിയ്ക്ക് വിഎസ് അച്യുതാനന്ദന്‍ കത്തയച്ചു. ലൈംഗികാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ നടപടി വേണമെന്ന് കത്തില്‍ പറയുന്നു. പികെ ശശിക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിഎസ് നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി കേരള നേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടതും തുടര്‍നടപടികള്‍ ഉണ്ടായതും. സ്ത്രീപീഡന പരാതികള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്നതിനെ ഗൗരവമായി കാണണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു. ശക്തവും മാതൃകാപരവുമായ നടപടിയാണ് ശശിക്കെതിരേ ഉണ്ടാകേണ്ടതെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പീഡനപരാതിയില്‍ അന്വേഷണം നിലനില്‍ക്കുമ്പോള്‍ പൊതുപരിപാടികളില്‍ ശശിയെ പങ്കെടുപ്പിക്കുകയും ജാഥാക്യാപ്റ്റനാക്കുകയും ചെയ്തതിനെതിരായ പ്രതിഷേധവും വിഎസ് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശശിക്കൊപ്പം വേദി പങ്കിടുകയും ശശിയെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരേയും നടപടി ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇന്ന് നടക്കുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് കത്തിലൂടെ നിലപാട് അറിയിച്ചിരിക്കുന്നത്.