അഞ്ചൽ: കൊല്ലം ഭാരതീപുരത്ത് രണ്ടര വർഷം മുമ്പ് കാണാതായ ഷാജി പീറ്ററിനെ സഹോദരനും അമ്മയും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന് സ്ഥിരീകരിച്ചു. കുടുംബവഴക്കിനിടെ സഹോദരൻ ഷാജിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. പ്രതികളായ സഹോദരൻ സജി പീറ്ററിനെയും അമ്മ പൊന്നമ്മയെയും മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
സജിയും അമ്മയും ചേർന്നാണ് വീടിനോട് ചേർന്നുള്ള കുത്തനെയുള്ള ഭാഗത്ത് മൃതദേഹം അടക്കിയത്. ദുർഗന്ധമുണ്ടാകാതിരിക്കാൻ മൃതദേഹത്തിന് മുകളിൽ ഷീറ്റിട്ട ശേഷം കോൺക്രീറ്റ് ചെയ്തിരുന്നു. ഈ കോൺക്രീറ്റ് വെട്ടിപ്പൊളിച്ച് പോലീസ് പരിശോധന നടത്തുകയും എല്ലിൻ കഷണങ്ങൾ ഉൾപ്പടെയുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. കൂടാതെ ചെരുപ്പും കുരിശും പോലീസിന് ലഭിച്ചിട്ടുണ്ട്.
കുടുംബ വഴക്കിനിടെ അമ്മയും സഹോദരനും ചേർന്ന് ഷാജി പീറ്ററിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരൻ സജിനും അമ്മ പൊന്നമ്മയും അറസ്റ്റിലാണ്. 2018ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണർ കുഴിച്ചപ്പോൾ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്.
സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും വഴക്കിനിടെ സജിൻ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചതാണ് മരണകാരണമായത്. അടിയേറ്റ് ഷാജി നിലത്തുവീണു. തുടർന്ന് സജിനും അമ്മ പൊന്നമ്മയും ചേർന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിടുകയുമായിരുന്നു.
നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവിൽ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കു മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്. നിരവധി കേസുകളിൽ പ്രതിയായതിനാൽ പോലീസ് ഇയാളെ അന്വേഷിച്ചിരുന്നു. എന്നാൽ ഷാജി വീട്ടിൽ എത്താറില്ലെന്നായിരുന്നു ഇവർ പോലീസിനോട് പറഞ്ഞത്.
കേസിന് തുമ്പായത് അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മിലുണ്ടായ വഴക്കാണ്. ഈ വഴക്കിനിടെ കൊലപാതകവിവരവും പരാമർശിക്കപ്പെടുകയുമായിരുന്നു. തുടർന്ന് പൊന്നമ്മയിൽ നിന്ന് ഇക്കാര്യം ഇവരുടെ ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു.
വിവരമറിഞ്ഞ റോയി പിന്നീട് ഇക്കാര്യം ഒളിച്ചുവെയ്ക്കാനാകാതെ കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് പത്തനംതിട്ട-പുനലൂർ ഡിവൈഎസ്പിമാർ അന്വേഷണം നടത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.