മറയൂര്‍: ഡോക്ടര്‍മാര്‍ പോലും കൈയ്യൊഴിഞ്ഞ നാലുവയസുകാരന് സന്ദീപ് കൃഷ്ണയ്ക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടി. അതും അയല്‍വാസിയായ ഈശ്വരന്റെ ഇടപെടലില്‍. കാന്തല്ലൂര്‍ പഞ്ചായത്തില്‍ ദണ്ഡുകൊമ്പ് ഗോത്രവര്‍ഗ കോളനിയിലെ ശരവണന്റെയും ഭാര്യ രാജക്ഷ്മിയുടെയും മകനാണ് 41കാരനായ ഈശ്വരന്റെ കനിവില്‍ സന്ദീപിന് പുതുജന്മം ലഭിച്ചത്.
നാലുവയസുകാരനായ സന്ദീപ് കൃഷ്ണയ്ക്ക് ജന്മനാ ഇരു കണ്ണിനും കാഴ്ചശക്തിയില്ലായിരുന്നു. സമീപവാസിയും പട്ടികവര്‍ഗ വകുപ്പിന്റെ കീഴിലുള്ള ഗോത്രജീവിക സംഘം പ്രസിഡന്റുമായ ഈശ്വരന് മറയൂര്‍ ട്രൈബല്‍ ഓഫീസര്‍ വി സുരേഷ് കുമാറിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നു. ഇതോടെ ആശുപത്രിയില്‍ പോകാമെന്ന് അധികൃതര്‍ അറിയിച്ചു.
സാധാരണയായി ആശുപത്രിയില്‍ പോകാന്‍ താത്പര്യം കാണിക്കാത്തവരാണ് ഗോത്രവര്‍ഗ കോളനിയിലുള്ളവര്‍. എന്നാല്‍, ഇവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ചുമതല ഈശ്വരന് ഏറ്റെടുക്കുകയായിരുന്നു. പട്ടികവര്‍ഗവകുപ്പ് ഒരുക്കിയ വാഹനത്തില്‍ ഈശ്വരന്റെ നേതൃത്വത്തില്‍ തന്നെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധന നടത്തി. ശസ്ത്രക്രിയ നടത്തിയാലും കാഴ്ചശക്തി കിട്ടുമെന്ന് ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
നിരാശരായി മടങ്ങിയെങ്കിലും വിട്ടുകൊടുക്കാന്‍ ഈശ്വരന് തയ്യാറല്ലായിരുന്നു. കോയമ്പത്തൂര്‍ അമൃത മെഡിക്കല്‍ കോളേജില്‍ ചെന്ന് കുട്ടിക്ക് ഒരു പരിശോധന കൂടി നടത്തി. ശസ്ത്രക്രിയ നടത്താമെന്ന് അവര്‍ അറിയിച്ചു. ഇതോടെ പ്രതീക്ഷയുടെ മുട്ട് മുളച്ചു. എന്നാല്‍, ഒരുലക്ഷം രൂപ ചെലവഴിക്കണം. പാവപ്പെട്ട കുടുംബത്തിന് അതിന് മറ്റു വഴികളൊന്നുമില്ല. എന്നാല്‍, എന്ത് ബുദ്ധിമുട്ടിയാണെങ്കിലും താന്‍ ശസ്ത്രക്രിയ നടത്തിക്കൊള്ളാമെന്ന് ഈശ്വരന് ഉറപ്പ് നല്കി.
കൂലിപ്പണിയെടുത്ത് കൂട്ടിവെച്ചതും കടം വാങ്ങിയതുമെല്ലാം ചേര്‍ത്ത് ശസ്ത്രക്രിയയ്ക്ക് ഈശ്വരന് പണമൊരുക്കി. മാര്‍ച്ച് 24-ന് ഒരു കണ്ണിന്റെ ശസ്ത്രക്രിയ നടത്തി. ശ്രമം വിജയമായി, കാഴ്ചശക്തി ലഭിച്ചു. മാര്‍ച്ച് 29-ന് നടത്തിയ രണ്ടാമത്തെ കണ്ണിന്റെ ശസ്ത്രക്രിയയും വിജയകരമായി. മക്കളില്ലാത്ത തനിക്ക് സന്ദീപ് സ്വന്തം മകനെപ്പോലെയാണെന്ന് ഈശ്വരന് പറയുന്നു. അദ്ദേഹത്തിന്റെ നന്മമനസില് അഭിമാനത്തോടെ, അദ്ദേഹത്തിന് ചികിത്സയ്ക്ക് ചെലവായ തുക തിരിച്ചുനല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മറയൂര്‍ ട്രൈബല്‍ ഓഫീസര്‍ വി.സുരേഷ് കുമാര്‍ അറിയിച്ചു.
Discussion about this post