പരപ്പനങ്ങാടി: കേരളാ പോലീസ് സഞ്ചരിച്ച വാഹനം മൈസൂരിവില്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വനിതാ പോലീസ് ഓഫീസര്‍ മരിച്ചു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ രാജമണിയാണ് മരിച്ചത്. 46 വയസായിരുന്നു. പരപ്പനങ്ങാടിയില്‍നിന്ന് കാണാതായ യുവതിയെ കര്‍ണാടകയില്‍നിന്നു കണ്ടെത്തി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് പോലീസുകാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ രാജമണി, എസ്.ഐ. രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ ടി. ഷൈജേഷ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. വാഹനത്തില്‍ കാണാതായ യുവതിയും കൂടെയുള്ളയാളും ഡ്രൈവറും ഉണ്ടായിരുന്നെങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാജമണിയുടെ തലയ്ക്കാണ് പരിക്കേറ്റത്.
രാജമണിയെ വിദഗ്ദ ചികിത്സയ്ക്കായി മൈസൂരുവിലെ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ടോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ വെന്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.
പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസറായും നിര്‍ഭയം സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണപദ്ധതി കോ – ഓര്‍ഡിനേറ്ററായും രാജമണി സേവനമനുഷ്ടിച്ചിട്ടുണ്ട്. നെടുവ പൂവത്താന്‍ കുന്നിലെ താഴത്തേതില്‍ രമേശന്റെ ഭാര്യയാണ് രാജമണി. മക്കള്‍ :രാഹുല്‍, രോഹിത്. ചേളാരി പാണക്കാട് വെള്ളായിപ്പാടത്തെ പരേതനായ മണ്ണഞ്ചേരി ഇമ്പിച്ചിക്കുട്ടനാണ് പിതാവ്. അമ്മ- അമ്മുണ്ണി സഹോദരങ്ങള്‍: ബാലന്, ചന്ദ്രന് ,കൃഷ്ണന്, സുനില്‍, കോമള, രജിത ,രഞ്ജിത.
Discussion about this post