കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് കേസിലെ പ്രതിയും പിതാവുമായ പ്രതി സനുമോഹനോട് ചോദിച്ചറിഞ്ഞ് പോലീസ്. ഇയാളെ തെളിവെടുപ്പിനയി കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എത്തിച്ചു. സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പ് ആരംഭിച്ചത്.
ഇവിടെ നിന്നും തെളിവെടുപ്പ് പൂർത്തിയാക്കി മുട്ടാർ പുഴയ്ക്ക് സമീപം പ്രതിയെ എത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. മകൾ വൈഗയെ ഫഌറ്റിൽവെച്ച് ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാർ പുഴയിൽ എറിഞ്ഞെന്നായിരുന്നു സനുമോഹന്റെ മൊഴി. അതിനാൽ ഫ്ലാറ്റിലെ തെളിവെടുപ്പിന് ഏറെ പ്രധാന്യമുണ്ട്.
അതേസമയം, ഫ്ലാറ്റിൽ രക്തക്കറ കണ്ടെത്തിയ സംഭവം പോലീസിനെ വല്ലാതെ കുഴക്കുകയാണ്. ഈ രക്തക്കറ സനു മോഹന്റേയോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തൽ. എങ്കിൽ ഈ രക്തക്കറ ആരുടേതാണെന്നും പോലീസ് സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.
സനു മോഹന്റെ മൊഴികളിലെ പൊരുത്തക്കേടുകൾ തീർക്കാനായി തെളിവെടുപ്പിന് ശേഷം സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇയാൾ ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും പോലീസിനെ കുഴക്കുകയാണ്.
Discussion about this post