കണ്ണൂർ: ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത് പാർട്ടിയെ അക്ഷരാർത്ഥത്തിൽ മുൾമുനയിലാക്കിയെന്ന് തുറന്ന് പറഞ്ഞ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയത് ബിജെപിയെ മുൾമുനയിലാക്കി. ഇത് സംബന്ധിച്ച് പാർട്ടി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വീഴ്ച പറ്റിയത് മനഃപൂർവ്വമാണെന്ന് ആരും ഇതുവരെ കണക്കാക്കുന്നില്ല. എന്നാൽ ആ വീഴ്ച സംബന്ധിച്ച് സംഘടനാ എന്ന നിലയിൽ പരിശോധിക്കും. തലശ്ശേരിയിലും ഗുരുവായൂരിലും പത്രിക തള്ളിപ്പോയത് സംബന്ധിച്ച് എന്തായാലും ഒരു പരിശോധനയുണ്ടാകും. ഈ തിരഞ്ഞെടുപ്പിൽ ഒരു പ്രശ്‌നങ്ങളുമില്ലാതെ സുഗമമായി മുന്നോട്ട് പോയ മുന്നണി എൻഡിഎ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എങ്കിലും അവസാന നിമിഷം വരെ പാർട്ടിയെ മുൾമുനയിൽ നിർത്തിയ ഒരേയൊരു കാര്യം തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം സംബന്ധിച്ച വിഷയമാണെന്നും സുരേന്ദ്രൻ വിശദീകരിച്ചു. കാര്യങ്ങൾ വിശദമായി പരിശോധിക്കും. മാനുഷിക പിഴവായി വേണമെങ്കിൽ കണക്കാക്കാം. പരിശോധന നടത്തിയ ശേഷമാകും നടപടിയെടുക്കുകയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.