കൊച്ചി: ലോക്ക്ഡൗണ്‍ ഭയന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ സംസ്ഥാനത്തെ മദ്യശാല ജീവനക്കാര്‍ക്ക് കൊവിഡ്. സംസ്ഥാനത്തെ നിരവധി മദ്യശാല ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ പല മദ്യവില്‍പ്പന ശാലകളും അടച്ചുപൂട്ടി.
ആലുവ, മൂവാറ്റുപുഴ, ആലപ്പുഴ ചുങ്കം വില്‍പ്പനശാലകള്‍ അടച്ചു. ഇവിടങ്ങളില്‍ രണ്ടും മൂന്നും ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അടച്ചിടാന്‍ തീരുമാനിച്ചത്. മദ്യം വാങ്ങാന്‍ ഒരു നിയന്ത്രണവുമില്ലാതെ ആളുകളെത്തിയതോടെയാണ് ജീവനക്കാര്‍ക്ക് രോഗവ്യാപനമുണ്ടായത്.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നുണ്ടെങ്കിലും ബിവറേജസില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനാവുന്നില്ല. ആളുകള്‍ ശാരീരിക അകലം പാലിക്കാതെയാണ് മദ്യം വാങ്ങാനെത്തുന്നത്. രാത്രി കര്‍ഫ്യൂവിന്റെ ഭാഗമായി വൈകീട്ട് ഏഴുമണിക്കു കടകളടയ്ക്കണമെന്ന നിബന്ധനകൂടി വന്നതോടെ പകലത്തെ തിരക്ക് കൂടാനാണു സാധ്യത.