കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ ശനിയാഴ്ച മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് തിരുത്തി കാസര്‍കോട് ജില്ലാ കളക്ടര്‍. ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഈ ഉത്തരവ് ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചു. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.ടൗണുകള്‍ കേന്ദ്രീകരിച്ച് ദീര്‍ഘ സമയം ഷോപ്പിംഗ് നടത്തുന്നവര്‍, കച്ചവടം ചെയ്യുന്നവര്‍, പൊതുയോഗങ്ങള്‍ നടത്തുന്നവര്‍ എന്നിവര്‍ക്കാണ് ഉത്തരവ് ബാധകമാവുക എന്നും കളക്ടര്‍ പറഞ്ഞു.
കൂടാതെ ജനങ്ങളോട് കൂടുതല്‍ അടുത്തിടപഴകുന്ന വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്‌സി തൊഴിലാളികള്‍, സ്വകാര്യ- സര്‍ക്കാര്‍ ബസുകളിലെ ജീവനക്കാര്‍ എന്നിവര്‍ 14 ദിവസം ഇടവിട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ് എന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
45 വയസ്സ് കഴിഞ്ഞ രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ തല്‍ക്കാലം ടെസ്റ്റ് ചെയ്യേണ്ടതില്ല. മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചും അവര്‍ക്ക് നിലവിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.
Discussion about this post