കൊച്ചി: വൈഗയെ കൊലപ്പെടുത്തിയ കേസിൽ അറസിറ്റിലായ പിതാവ് സനുമോഹനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കോവിഡ് പരിശോധന ഉൾപ്പടെയുള്ളവയാണ് സനുമോഹന് നടത്തുന്നത്.
സനുമോഹൻ തന്നെയാണ് കൊല ചെയ്തതെന്ന് ഏകദേശം ഉറപ്പായെന്ന് കേസുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇയാൾ തുടർച്ചയായി മൊഴി മാറ്റുകയും പറഞ്ഞ പലകാര്യങ്ങളുമായി വൈരുദ്ധ്യമുള്ളതും പോലീസിനെ കുഴക്കുന്നുണ്ട്.
കടുത്ത സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നെന്നും മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും സനുമോഹൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്. താൻ ആത്മഹത്യ ചെയ്താൽ മകൾ തനിച്ചായി പോകുമെന്നതിലാണ് കുട്ടിയേയും മരണത്തിൽ ഒപ്പം കൂട്ടാൻ തീരുമാനിച്ചത്. എന്നാൽ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ വൈഗ എതിർത്തെന്നും തുടർന്ന് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നുമാണ് സനുവിന്റെ മൊഴി. കുട്ടിയുടെ ബോധംപോയപ്പോൾ മരിച്ചെന്ന് കരുതി പുഴയിൽ എറിഞ്ഞെന്നും തനിക്ക് കൂടെ പുഴയിൽ ചാടാൻ ധൈര്യമുണ്ടായില്ലെന്നുമാണ് സനുമോഹൻ പോലീസിനോട് ഏറ്റുപറഞ്ഞിരിക്കുന്നത്.
അതേസമയം, ഇയാൾ കടന്നുകളഞ്ഞത് എന്തിനാണെന്നും കൃത്യമായി പദ്ധതിയിട്ടതുപോലെ ഇത്രയേറെ ദിവസങ്ങൾ പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞത് ഇയാളുടെ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളുടെ സൂചനയാണെന്നാണ് പോലീസ് കരുതുന്നത്.
സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സനുമോഹൻ പോലീസിന് പറഞ്ഞിട്ടുണ്ട്. എന്നാൽ സനുവിന്റെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമേ പോലീസ് അന്തിമനിഗമനത്തിലെത്തൂ.
സനുമോഹന്റെ ഭാര്യയെയും പോലീസ് സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഒളിവിൽപോയതിന് ശേഷം സനുമോഹൻ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് മൊഴി നൽകിയിരിക്കുന്നതെങ്കിലും ഇയാൾ മുൻകൂട്ടി പദ്ധതിയിട്ടാണ് ഒളിവിൽ പോയതെന്ന സംശയത്തിലാണ് പോലീസ്.
സാമ്പത്തികപ്രശ്‌നങ്ങൾ മാത്രമാണോ കൊലപാതകത്തിന് കാരണം, മറ്റെന്തെങ്കിലും കാരണമുണ്ടോ, എന്തിനാണ് ഇത്രനാളും ഒളിവിൽകഴിഞ്ഞത്, ഹോട്ടലിൽ സ്വന്തം പോരും ആധാർകാർഡും നൽകിയത് എന്തിനാണ്? മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കാണ് പോലീസ് ഉത്തരം തേടുന്നത്.
Discussion about this post