കൊച്ചി: കഴിഞ്ഞ ദിവസം ഉത്തര കർണാടകയിൽ നിന്നും പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു. ഇന്ന് പുലർച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. കേരള പോലീസിനെ 28 ദിവസമാണ് സനു മോഹൻ വട്ടം കറക്കിയത്.
മകൾ വൈഗ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി കണ്ടെത്തിയതിന് പിന്നാലെ കാണാതായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹനെ ഉത്തര കർണാടകയിലെ കാർവാറിൽ നിന്നാണ് കർണാടക പോലീസ് പിടികൂടിയത്. പോലീസ് ഇന്ന് സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും.
ഇയാൾക്ക് കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തിയതിന് ശേഷം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും. പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മീഷണറും ഡിസിപിയും വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കൊല്ലൂരിൽ ഒളിവിൽ താമസിക്കുന്നതിനിടെ സനു മോഹൻ ഹോട്ടലിൽ പണംനൽകാതെ മുങ്ങിയതിനെ തുടർന്നാണ് ഇയാളെ കുറിച്ച് ആദ്യമായി വിവരം ലഭിച്ചത്. കൊല്ലൂർ ബീന റെസിഡൻസി ജീവനക്കാർ പോലീസിനെ അറിയിക്കുകയും സനു ഹോട്ടലിൽ നൽകിയ ആധാർവിവരങ്ങൾ പരിശോധിച്ച കർണാടക പോലീസ് ഇയാളെ കുറിച്ച് കേരള പോലീസിനെ വിവരം ധരിപ്പിക്കുകയുമായിരുന്നു.
കേരളാ പോലീസ് എത്തി നടത്തിയ അന്വേഷണത്തിൽ സനു മോഹൻ ഉഡുപ്പിയിലേക്കാണ് പോയതെന്ന് മനസ്സിലായതോടെ തെരച്ചിൽ വ്യാപകമാക്കുകയും അയാൾ സഞ്ചരിച്ച ബസ് കണ്ടെത്തുകയും ചെയ്തു. പിന്നീട് സനുവിനെ പിന്തുടർന്ന് കാർവാറിൽ വെച്ച് പിടികൂടുകയായിരുന്നു.
മാർച്ച് 21ന് രാത്രിയാണ് സനു മോഹനെയും മകൾ വൈഗയെയും കാണാതായത്. അന്ന് വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനുവും കുടുംബവും ചെന്നിരുന്നു. ഭാര്യ രമ്യയെ അവിടെയാക്കിയശേഷം മറ്റൊരു വീട്ടിൽ പോയിവരാമെന്ന് പറഞ്ഞ് സനു വൈഗയെയും കൂട്ടി ഇറങ്ങുകയായിരുന്നു. അർധരാത്രിയായിട്ടും കാണാതായതോടെ അന്വേഷണം തുടങ്ങി. കങ്ങരപ്പടി ഫ്ലാറ്റിൽ എത്തി തിരക്കിയപ്പോഴാണ് രാത്രി 9.30ന് ഫ്ലാറ്റിൽ എത്തിയതായും കുറച്ചുകഴിഞ്ഞപ്പോൾ കാറുമായി പുറത്തുപോയതായും വിവരം ലഭിച്ചത്. വൈഗയെ പിറ്റേന്ന് ഇടപ്പള്ളി മുട്ടാർപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.