ബുദ്ധി വന്നപ്പോള്‍ എബിവിപിക്കാരനായി, കോമണ്‍ സെന്‍സ് വന്നപ്പോള്‍ ട്വന്റി ട്വന്റിയില്‍; ഇതില്‍ നിന്നും മാറും: ശ്രീനിവാസന്‍

കൊച്ചി: കോമണ്‍സെന്‍സ് വന്ന ശേഷമാണ് ട്വന്റി-ട്വന്റി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് നടനും സംവിധായകനും പാര്‍ട്ടി ഉപദേശക സമിതി അംഗവുമായ ശ്രീനിവാസന്‍. ഇനി ഇവിടെ നിന്നും താന്‍ മാറുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

‘പോസിറ്റീവ് ആയ ചെറിയ നന്മ എവിടെ കണ്ടാലും അങ്ങോട്ടു ചാടുന്ന മാനസികാവസ്ഥയിലാണ് ഞാന്‍. അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാന്‍ എസ്എഫ്ഐയോട് ആഭിമുഖ്യമുളളയാളായി. സ്വല്‍പം ബുദ്ധി വന്നപ്പോള്‍ കെഎസ് യു ആയി. കുറച്ചു കൂടി ബുദ്ധി വന്നപ്പോള്‍ എബിവിപിക്കാരനായി. കോമണ്‍ സെന്‍സ് വന്നപ്പോള്‍ ട്വന്റി ട്വന്റി ആയി. ഇവിടെനിന്നും ഞാന്‍ മാറും. അത് എന്റെ ഇഷ്ടമാണ്.

ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് ഒരാള്‍ക്ക് പരമാവധി എത്ര പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം എന്ന പരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് എന്റെ സൗകര്യം അനുസരിച്ച് ഞാന്‍ മാറിക്കൊണ്ടേയിരിക്കും.

എല്ലാ രാഷ്ട്രീയക്കാരും ട്വന്റി ട്വന്റിയെ എതിര്‍ക്കുമ്പോള്‍ എന്തോ അവര്‍ പേടിക്കുന്നുമുണ്ട്. അപ്പോള്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് ഉറപ്പായി.’ ശ്രീനിവാസന്‍ പറഞ്ഞു. മനോരമയോടായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

‘സന്ദേശം’ സിനിമ ഇറങ്ങിയതുമുതല്‍ തന്നെ അരാഷ്ട്രീയവാദിയാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ട്വന്റി-20 ല്‍ ചേര്‍ന്ന തീരുമാനം അരാഷ്ട്രീയമാണെന്ന ആരോപണത്തില്‍ രാഷ്ട്രീയക്കാരനാണെന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ ആരെയെങ്കിലും 51 വെട്ടുവെട്ടണം. അത് തനിക്ക് സാധിക്കില്ല, അതുകൊണ്ടാണ് അരാഷ്ട്രീയക്കാരനായതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ശമ്പളം വാങ്ങി ജനസേവകനാവാന്‍ താല്‍പര്യം ഇല്ല. ജീവിതത്തില്‍ എംഎല്‍എയോ മന്ത്രിയോ ഒന്നുമാകാന്‍ ഇല്ലെന്ന് 25 കൊല്ലം മുമ്പ് തീരുമാനിച്ചതാണെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

‘ട്വന്റി 20’ ക്ഷണിച്ചത് കൊണ്ടല്ല, സഹകരിക്കാന്‍ തീരുമാനിച്ചത്. സ്വയം അങ്ങോട്ടു പോയതാണ്. നല്ല കാര്യം എവിടെ കണ്ടാലും അങ്ങോട്ടു പോകും. ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയക്കാര്‍ തട്ടിക്കൊണ്ടുപോകുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. അത് അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അതിനു ശ്രമിക്കുന്ന ഏതു പ്രസ്ഥാനത്തിന്റെ കൂടെയും താന്‍ ഉണ്ടാകുമെന്നും ശ്രീനിവാസന്‍ നിലപാട് വ്യക്തമാക്കി.

Exit mobile version