മലപ്പുറം: മലപ്പുറം എടക്കരയില്‍ വളര്‍ത്തു നായയെ ബൈക്കിന് പിന്നില്‍ കെട്ടി വലിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍. എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ചെരിപ്പ് കടിച്ചു വലിച്ചുവെന്ന് പറഞ്ഞാണ് ഇയാള്‍ മൂന്ന് കിലോമീറ്റര്‍ ദൂരം നായയെ നടുറോട്ടില്‍ ബൈക്കില്‍ കെട്ടി വലിച്ചത്.
തൃശൂര്‍ സ്വദേശിനിയായ അനിമല്‍ വെല്‍ഫെയര്‍ ഓഫീസര്‍ സാലി വര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മലപ്പുറം എടക്കരയ്ക്കു സമീപം വെസ്റ്റ് പെരുങ്കുളത്ത് ശനിയാഴ്ച വൈകീട്ടായിരുന്നു കണ്ണില്ല ക്രൂരത അരങ്ങേറിയത്. സ്കൂട്ടറിനു പിന്നില്‍ കയറുകെട്ടി മൂന്ന് കിലോമീറ്റര്‍ ദൂരമാണ് നായയെ വലിച്ചിഴച്ചത്. മിണ്ടാപ്രാണിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ച കണ്ട നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരോടെല്ലാം ഉടമസ്ഥന് തട്ടിക്കയറുകയായിരുന്നു.
തുടര്‍ന്നു പൊതുപ്രവര്ത്തകന് ഉമ്മര്‍ വളപ്പന്റെ നേതൃത്വത്തില്‍ വെസ്റ്റ് പെരുങ്കുളത്ത് വച്ച് വാഹനം തടഞ്ഞാണു നായയെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ രോഷാകുലരായതോടെയാണ് ഇയാള്‍ സ്കൂട്ടറില്‍ നിന്നും നായയെ കെട്ടഴിച്ചുവിട്ടത്. ദൃശ്യങ്ങള്‍ ഇതിനിടയില്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു.
വീഡിയോ ശ്രദ്ധയില്‍പെട്ട എമര്‍ജന്‍സി റെസ്ക്യു ഫോഴ്സ് ടീം രാത്രി ഇയാളുടെ വീട്ടിലെത്തിയ നായയുടെ പരിചരണം ഏറ്റെടുത്തു.
Discussion about this post