കൊച്ചി: 13കാരി വൈഗയെ മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന പിതാവ് സനുമോഹൻ ഇപ്പോഴും കാണാമറയത്ത് തന്നെ. കൊല്ലൂർ മൂകാംബികയിൽ ലോഡ്ജിൽ ഒളിച്ചുതാമസിക്കുകയായിരുന്ന സനുമോഹനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചെങ്കിലും അവിടെനിന്നും ഇയാൾ കടന്നു കളയുകയായിരുന്നു. പ്രദേശത്തെത്തിയ പോലീസ് തെരച്ചിൽ ഊർജിതമാക്കിയെങ്കിലും ഇയാളുടെ ഒരുവിവരവും ലഭിച്ചിട്ടില്ല.
കർണാടകയ്ക്ക് പുറമേ ഗോവയിലേക്കും പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കൊല്ലൂർ മൂകാംബികയിൽനിന്ന് സനുമോഹൻ ഇവിടങ്ങളിലേക്ക് മുങ്ങിയിട്ടുണ്ടാകാം എന്ന സംശയത്തെ തുടർന്നാണ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചത്. സനുമോഹൻ മൊബൈൽ ഫോണോ എടിഎം കാർഡോ ഉപയോഗിക്കാത്തതിനാൽ ഇയാളുടെ സ്ഥാനചലന വിവരങ്ങൾ ലഭിക്കാനും പോലീസിന് പ്രയാസമാണ്.
കാർ വിറ്റുകിട്ടിയ പണം കൊണ്ടാകാം ചിലവുകൾ നടത്തുന്നത്. പൊതുഗതാഗത സംവിധാനം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നതെന്നും പോലീസ് പറയുന്നു. അതേസമയം, ഇയാൾ ഉടൻതന്നെ പിടിയിലാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
സനുമോഹൻ കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽ താമസിച്ചിരുന്നതായ വിവരം സ്ഥിരീകരിച്ചതോടെ പോലീസ് ഇവിടെ വ്യാപകമായ പരിശോധന നടത്തിയിരുന്നു. കർണാടക പോലീസിന്റെ സഹായത്തോടെ ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തി. ഇതിനുപിന്നാലെയാണ് മറ്റുസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഇതിനിടെ, വൈഗയെ മദ്യമോ ആൽക്കഹോൾ കലർന്ന മറ്റ് എന്തെങ്കിലുമോ നൽകി ബോധരഹിതയാക്കി മുട്ടാർപ്പുഴയിൽ തള്ളിയതാണോ എന്ന് സംശയം ഉയരുന്നുണ്ട്. മരിച്ച വൈഗയുടെ ആന്തരാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി പരിശോധനഫലം പുറത്തുവന്നതോടെയാണ് പോലീസിന്റെ സംശയം ബലപ്പെട്ടിരിക്കുന്നത്.
പെൺകുട്ടിയുടെ ഉള്ളിൽ വിഷാംശമൊന്നും കണ്ടെത്തിയില്ല. ശാരീരിക പീഡനങ്ങളൊന്നും നടന്നിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വൈഗയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിൽനിന്ന് മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post