കൊല്ലം: കോവിഡ് മുക്തനായതിന് പിന്നാലെ താൻ രോഗാവസ്ഥയിൽ അനുഭവിച്ച ക്ഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് കെബി ഗണേഷ് കുമാർ എംഎൽഎ. ‘ഈ രോഗം വരരുത് വന്നാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഡോക്ടർമാർ തരുന്ന മരുന്നുകൾ പോലും ചിലപ്പോൾ ഫലിച്ചില്ലെന്ന് വന്നേക്കാം. അപ്പോൾ പ്രാർത്ഥനയും ഈശ്വരനും മാത്രമെ നിങ്ങളുടെ കൂട്ടിനുണ്ടാകൂ’- ഗണേഷ് കുമാർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
കേരളത്തിൽ കോവിഡ് രണ്ടാം തരംഗം ആശങ്കപ്പെടുത്തുന്ന തരത്തിൽ വ്യാപിക്കുനന്തിനിടെയാണ് കോവിഡ് മുക്തനായ ഗണേഷ് കുമാർ തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ചിലർക്ക് രോഗം പ്രശ്‌നങ്ങൾ സൃഷ്ടിക്കില്ല. എന്നാൽ മറ്റുചിലർക്ക് അങ്ങനെയല്ല. ഈ രോഗത്തിന്റെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം. അങ്ങനെ മാറിയാൽ താങ്ങാൻ കഴിയില്ലെന്നും ഗണേഷ് കുമാർ പറയുന്നു.
സഹായത്തിന് ആരുമില്ലാതെ ആശുപത്രിയിൽ തനിയെ കിടക്കേണ്ടിവരുമ്പോൾ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥയെക്കുറിച്ചും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് വളരെ അധികം ശ്രദ്ധിക്കണം എന്നും രോഗം പിടിപെടാതെ ഇരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
ഈ രോഗം വന്നാൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഗണേഷ് കുമാർ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.