കൊച്ചി: കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന എറണാകുളം ജില്ലയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് കളക്ടർ എസ് സുഹാസ്. ശനിയാഴ്ച 2000ത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കൊച്ചിയിൽ പ്രാദേശിക ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നും മൈക്രോ കണ്ടെയ്ൻമെന്റുകൾ ഏർപ്പെടുത്തുമെന്നും കളക്ടർ വ്യക്തമാക്കി.
ജില്ലയിൽ കൂടുതൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തുമെന്നും കളക്ടർ വ്യക്തമാക്കി. കൂടുതൽ ഐസിയു ബെഡുകൾ സജ്ജീകരിക്കും. നിലവിലെ സാഹചര്യത്തിൽ മൈക്രോ കണ്ടെയിൻമെന്റ് ഫലപ്രദമാണ്. തൃക്കാക്കരയിലും കൊച്ചി കോർപ്പറേഷൻ പരിധിയിലുമാണ് കോവിഡ് വ്യാപനം രൂക്ഷമെന്നും കളക്ടർ പ്രതികരിച്ചു.
അടുത്ത ആഴ്ച വളരെ നിർണായകമാണ്. പോസിറ്റീവായ ആളുകളെ എത്രയും വേഗം കണ്ടെത്തി ക്വാറന്റൈനും ചികിത്സ ആവശ്യമുള്ളവർക്ക് അത് നൽകുകയും ചെയ്യുകയാണ് ലക്ഷ്യം. രണ്ട് ദിവസങ്ങളായി 36,000 അധികം ടെസ്റ്റുകൾ ചെയ്തിട്ടുണ്ട്. ഇന്നും കൂടുതൽ ടെസ്റ്റുകൾ നടത്തുമെന്നും കളക്ടർ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
12,000 ടെസ്റ്റുകളുടെ ഫലം ആണ് ഇന്നലെ വന്നത്. ഇന്നും രണ്ടായിരത്തിൽ അധികം പോസിറ്റീവ് കേസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടർ പറഞ്ഞു. 2157 കേസാണ് എറണാകുളം ജില്ലയിൽ മാത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
Discussion about this post