തൃശൂര്‍: തൃശൂര്‍ പൂരം നടക്കുന്ന തീയതികളില്‍ ഹെലികോപ്റ്റര്‍, ഹെലികാം എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം നിരോധിച്ചു. വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലുമാണ് നിരോധിച്ചത്.
കൂടാതെ കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍ മറ്റുപകരണങ്ങള്‍ ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
അതേസമയം തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയില്‍ 11.45നും പാറമേക്കാവില്‍ 12നുമാണ് കൊടിയേറ്റം നടന്നത്. 12.15നു പാറമേക്കാവ് ഭഗവതി ആറാട്ടിനായി വടക്കുന്നാഥനിലേക്ക് എഴുന്നള്ളി. അഞ്ച് ആനകളുടെ പുറത്തായിരുന്നു എഴുന്നള്ളിപ്പ്. പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടി മേളം അരങ്ങേറി. 23നാണ് പൂരം.
കര്‍ശനമായ നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്. പൂരത്തിന് എത്തുന്ന എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പാസ്, അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.