തൃശ്ശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടക്കാനിരിക്കെ ആനകളുടെ കാര്യത്തില്‍ നിബന്ധന കര്‍ശനമാക്കി വനം വകുപ്പ്. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാന്മാര്ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. പാപ്പാന്മാര് കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ.
കൂടാതെ ആനകളുടെ ഫിറ്റ്നസും പരിശോധിക്കും. ആനകളെ പരിശോധിക്കാന്‍ നാല്പത് അംഗ സംഘത്തെ നിയോഗിച്ചു. ആനകളുടെ പാപ്പാന്മാര് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കാണിക്കണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള പാപ്പാന്മാര്ക്ക് മാത്രം ആനകളെ പൂരത്തിന് എത്തിക്കാം.
ഒരു ആനയ്ക്ക് ചുരുങ്ങിയത് മൂന്ന് പാപ്പാന്മാരെങ്കിലും ഉണ്ടാകും. മൂന്ന് പാപ്പാന്മാരും കൊവിഡ് നെഗറ്റീവ് ആയിരിക്കണം. ആരെങ്കിലും ഒരാള്‍ പോസിറ്റീവ് ആയാല്‍ ആനയെ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല. തൊണ്ണൂറോളം ആനകളാണ് പൂരത്തില്‍ പങ്കെടുക്കുന്നത്. ഈ ആനകള്‍ക്കെല്ലാം കൂടി മുന്നൂറിന് അടുത്ത് പാപ്പാന്മാരുണ്ടാകും. ഇവരെല്ലാം പരിശോധന നടത്തണം.
Discussion about this post