കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയ്ക്കെതിരായ അന്വേഷണ സംഘത്തെ വിപുലീകരിക്കാന്‍ വിജിലന്‍സ്.
കഴിഞ്ഞ പത്ത് വര്‍ഷത്തെ സമ്പാദ്യവും ചെലവും പരിശോധിക്കും. ഒപ്പം കാര്‍ഷിക വരുമാനവും രണ്ട് വീടുകളുടെ മൂല്യവും പിഡബ്ല്യുഡി, സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ സഹായത്തോടെ കണക്കാക്കും. ഇതിനായാണ് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കുന്നത്.
തിങ്കളാഴ്ച ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിലെയും റെയ്ഡില്‍ 47.35 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ നാലര മണിക്കൂറാണ് വിജിലന്‍സ് എസ്പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഷാജിയെ ചോദ്യം ചെയ്തത്.
വീട്ടില്‍ നിന്ന് പിടിച്ച പണത്തെ സംബന്ധിക്കുന്ന രേഖകള്‍ ഒരാഴ്ച്ചയ്ക്കകം ഹാജരാക്കുമെന്നാണ് ഷാജി വിജിലന്‍സിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അരക്കോടിയോളം വരുന്ന രൂപയുടെ ഉറവിടം കാണിക്കാന്‍ സമയം വേണമെന്ന കെഎം ഷാജിയുടെ ആവശ്യം വിജിലന്‍സ് തള്ളിയിരുന്നു.
2011 2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരവും വിജിലന്‍സ് പരിശോധിക്കും.
എന്നാല്‍ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പിന് പിരിച്ച പണമാണെന്നും പരമാവധി രേഖകള്‍ ഹാജരാക്കിയെന്നുമാണ് ഷാജി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.