തിരുവല്ല: തിരുവല്ലയിൽ യുവാവിന്റെ മൃതദേഹം തല തകർന്ന നിലയിൽ റോഡിന് അരികിൽ കണ്ടെത്തി. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശം പുത്തൂപറമ്പിൽ പരേതനായ വർഗീസ് തോമസിന്റെ മകൻ നെവിൻ തോമസിന്റെ (35) മൃതദേഹമാണ് വെള്ളിയാഴ്ച പുലർച്ചെ കണ്ടെത്തിയത്. എംസി റോഡിൽനിന്ന് ഹോട്ടൽ തിലകിലേക്കുള്ള ചെറിയ റോഡിൽ മതിലിനോട് ചേർന്നാണ് മൃതദേഹം കണ്ടത്.
യുവാവിന്റെ ശരീരത്തിൽ പാഴ്‌സൽ ലോറി കയറിയാണ് അപകടമുണ്ടായതെന്ന് പോലീസ് കരുതുന്നു. ലോറി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സമീപത്തെ ബാർ ഹോട്ടൽ വളപ്പിൽനിന്ന് നെവിന്റെ സ്‌കൂട്ടറും കണ്ടെത്തി.
വ്യാഴാഴ്ച രാത്രി കൊച്ചിയിൽ പോകാനെന്നുപറഞ്ഞാണ് നെവിൻ വീട്ടിൽനിന്ന് പോയത്. പിന്നീട് ബാർ ഹോട്ടലിൽ എത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം. ഹോട്ടലിന് സമീപം പാഴ്‌സൽ ലോറി ഓഫീസുണ്ട്. ഇതിന്റെ വളവിലാണ് നെവിന്റെ മൃതദേഹം കണ്ടെത്തിയത്.
സിസിടിവി പരിശോധനയിലാണ് പോലീസ് പാഴ്‌സൽ ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞത്. 5.30ന് ഇതുവഴി പാഴ്‌സൽ ലോറി പോയതായി മനസ്സിലാക്കിയ അന്വേഷണ സംഘം തുടർന്ന് ഡ്രൈവറെ ബന്ധപ്പെട്ട് ലോറി പരിശോധിക്കനയ്ക്ക് വിധേയമാക്കുകയായിരുന്നു. പിന്നിലെ ടയറിലും മറ്റും മാംസവും രക്തവും പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തിയതോടെ അപകടത്തിന് പിന്നിലെ സംശയങ്ങൾ അവസാനിച്ചിരിക്കുകാണ്. എന്നാൽ, അപകടം ഉണ്ടായതായി അറിയില്ലെന്നാണ് ഡ്രൈവർ പോലീസിൽ നൽകിയിരിക്കുന്ന മൊഴി.
വണ്ടി ഇടിച്ചുവീഴ്ത്തിയതിന്റെ പ്രാഥമിക സൂചനകളില്ലെന്ന് തിരുവല്ല സിഐ പറഞ്ഞു. നിലത്ത് കിടക്കുകയോ മറ്റോ ചെയ്തപ്പോൾ ലോറിയുടെ പിൻചക്രം കയറിപ്പോയതാകാമെന്ന് പോലീസ് കരുതുന്നു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് ദുരൂഹതകൾ പോലീസ് സംശയിക്കുന്നില്ല. ഒരുവർഷം മുമ്പാണ് ഗൾഫിൽനിന്ന് നെവിൻ നാട്ടിലെത്തിയത്. അമ്മ: അന്നമ്മ തോമസ് (ലില്ലിക്കുട്ടി, സെന്റ് ജോർജ് ബേക്കറി)