കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായതിനിടെ കാസർകോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. കാസർകോട്ടെ ടൗണുകളിൽ ആളുകൾക്ക് പ്രവേശിക്കാൻ ജില്ലാഭരണകൂടം നിയന്ത്രണമേർപ്പെടുത്തി.
കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാൻ കോവിഡില്ലെന്ന സർട്ടിഫിക്കറ്റോ രണ്ടുവട്ടം പ്രതിരോധ കുത്തിവെപ്പ് നടത്തിയതിന്റെ രേഖയോ വേണം.
ശനിയാഴ്ചമുതൽ ഇത് നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. വ്യാപാരകേന്ദ്രങ്ങളിൽ ആളുകൾ കൂടാതിരിക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്ന് കളക്ടർ വ്യക്തമാക്കി.
ടൗൺ അതിർത്തികളിൽ പോലീസ് പരിശോധനാകേന്ദ്രങ്ങളുണ്ടാകും. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഇല്ലെങ്കിൽ ആളുകളെ മടക്കി അയയ്ക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.