തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകളുടെ വർധനവ് ആശുപത്രി പ്രവർത്തനങ്ങളെ താളംതെറ്റിച്ചേക്കും. കോവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നത് വർധിച്ചുവരുന്നതാണ് ആശുപത്രികളെ ആശങ്കയിലാക്കുന്നത്. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തിൽ അധികം രോഗികളിൽ 5 ശതമാനത്തിലേറെ പേർക്ക് തീവ്ര പരിചരണം ആവശ്യമായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യം ഗുരുതരമാണെന്നും തീവ്രപരിചരണത്തിന് കൂടുതൽ സൗകര്യങ്ങൾ വേണമെന്നും ആശുപത്രികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിൽസക്കായി മാറ്റിയ 80 ഐസിയു കിടക്കകളും നിറഞ്ഞു. കോവിഡ് വിഭാഗത്തിലെ 65 വെന്റിലേറ്ററിലും അതിഗുരുതരാവസ്ഥയിൽ രോഗികളുണ്ട്. ജനറൽ ആശുപത്രിയിൽ ഐസിയു പോലുമില്ല. സ്വകാര്യ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം അനുദിനം കൂടുന്നു.
എറണാകുളത്തും കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല. കൂടുതൽ കിടക്കകൾ കണ്ടെത്തണമെങ്കിൽ കോവിഡ് ഇതര ചികിത്സകൾ ഭാഗികമായോ പൂർണമായോ നിർത്തിവയ്‌ക്കേണ്ടി വരും. ശസ്ത്രക്രിയകൾ അടക്കം മാറ്റിവയ്‌ക്കേണ്ടി വരും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് രോഗ ബാധ തീവ്രമാകുന്നവരുടെ എണ്ണം കൂടുതൽ.
കോവിഡ് ബാധിച്ച് കിടത്തി ചികിത്സ ആവശ്യമായ 1400 പേരെയെങ്കിലും പ്രതിദിനം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. ഇതിൽ നല്ലൊരു വിഭാഗത്തിലും ന്യുമോണിയയും ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഇവരിൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ രോഗം ഗുരുതരമാകും. ഇതോടെ തീവ്ര പരിചരണം ആവശ്യമായി വരും.
”കൊവിഡ് ചട്ടങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങളിൽ പൊതുവേ ഉണ്ടായ അലസതയും വൈറസിന് വ്യാപനത്തിലൂടെ ഉണ്ടായ ജനിതകവ്യതിയാനവുമാണ് കോവിഡ് രണ്ടാംതരംഗം ഇത്ര തീവ്രമാകാൻ കാരണം. വാക്‌സീൻ സ്വീകരിച്ച ആരുടെയും നില ഗുരുതരമാകുന്നതോ, അവർക്ക് മരണം സംഭവിക്കുന്നതോ ആയ കേസുകൾ ഇതുവരെ കണ്ടിട്ടില്ല”- ആരോഗ്യവിദഗ്ധനായ ഡോ. രാജീവ് ജയദേവൻ പറയുന്നു.