ആലപ്പുഴ: വള്ളികുന്നത്ത് 15 വയസ്സുകാരനായ അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വള്ളികുന്നം സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്. കൊലപാതകത്തില്‍ പങ്കെടുത്ത പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് വിഷ്ണു ആണെന്ന് പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജയ് ജിത്ത് കീഴടങ്ങിയിരുന്നു. എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. കേസില്‍ സജയ് ദത്ത് അടക്കം അഞ്ചു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്.
വിഷുദിനത്തിലാണ് പടയണിവെട്ടം ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ അഭമന്യു കുത്തേറ്റ് മരിച്ചത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ളസംഘമാണ് അക്രമം നടത്തിയതെന്നു പോലീസ് പറയുന്നു.ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്.
പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനാണ് അഭിമന്യൂ. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ സഹോദരനും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഈ വൈരാഗ്യത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അതേസമയം, ആര്‍എസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. മരിച്ച അഭിമന്യുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളില്‍ നിന്നുള്ള പോലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.