വള്ളിക്കുന്ന്: ആലപ്പുഴയില്‍ പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. ഈ സാഹചര്യത്തില്‍ നോവായി തീരുകയാണ് 10-ാം ക്ലാസ് പരീക്ഷാ മുറിയിലെ ഒഴിഞ്ഞ ബെഞ്ച്. ചിത്രം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ഒപ്പം പ്രതിഷേധവും അലയടിക്കുകയാണ്.
അഭിമന്യു പരീക്ഷയ്ക്കിരിക്കേണ്ടിയിരുന്ന സ്ഥലത്തെ ഒഴിച്ചിട്ടിരിക്കുന്ന ബെഞ്ചും എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന മറ്റു വിദ്യാര്‍ത്ഥികളുമാണ് ചിത്രത്തിലള്ളത്. ഈ ശൂന്യത സൃഷ്ടിച്ചത് ആര്‍എസ്എസാണെന്നും എന്നാല്‍ അത് പറയാന്‍ പലര്‍ക്കും മടിയാണെന്നും സോഷ്യല്‍മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
ശൂന്യത എന്ന ക്യാപ്ഷനോടെയാണ് പലരും ചിത്രം പങ്കുവെയ്ക്കുന്നത്. സഹിക്കാന്‍ പറ്റുന്നില്ലെന്നും പൊറുക്കാനാകില്ലെന്നും മറ്റു പ്രതികരണങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.