തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 131 ഓളം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പും പൂട്ടി. ഇതേ തുടര്‍ന്ന് കുത്തിവയ്പ് എടുക്കാന്‍ എത്തിയവര്‍ വാക്‌സിന്‍ സ്വീകരിക്കാതെ മടങ്ങി.
പാലക്കാട് പ്രവര്‍ത്തിച്ചിരുന്ന 110 ക്യാംപുകളില്‍ പ്രവര്‍ത്തിക്കുന്നത് 54 എണ്ണമാണ്. മിക്ക ജില്ലകളിലും സ്ഥിതി ഇതുതന്നെയാണ്.കൊവിഡ് വാക്‌സീന് ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വാക്‌സിനേഷന്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം താളം തെറ്റിയ സ്ഥിതിയിലാണ്. മൂന്ന് ദിവസത്തേക്കുള്ള വാക്‌സീന്‍ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്.
തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സീന്‍ ഒരു ഡോസ് പോലും ഇല്ല. പതിനാല് ജില്ലകളിലും കൊവാക്‌സീന്‍ സ്റ്റോക്ക് 40000നും താഴെയാണ്. ഇത് പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രമുള്ള സ്റ്റോക്ക് മാത്രമാണുള്ളത്.
സംസ്ഥാനത്ത് ആവശ്യമുള്ള വാക്‌സീനില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വാക്‌സീന്‍ കിട്ടണം. ലഭ്യമായില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ നടക്കില്ല. കേന്ദ്രത്തിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഈ മാസം 17, 18 തീയതികളില്‍ വാക്‌സീന്‍ കിട്ടുമെന്നാണ് കേന്ദ്രം പറയുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വാക്‌സീന്‍ ക്ഷാമം മുന്നില്‍ കണ്ട് 25 ലക്ഷം വീതം കൊവിഷീല്‍ഡും കൊവാക്‌സീനും കേരളത്തിലെത്തിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആകെ കിട്ടിയത് 2 ലക്ഷം ഡോസ് കൊവാക്‌സീന്‍ മാത്രമാണ്. ഇരുപതാം തിയതിക്ക് മുമ്പ് കൂടുതല്‍ വാക്‌സീന്‍ കിട്ടിയില്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങും.
സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളില്‍ 45 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനായിരുന്നു തീരുമാനം.