എൽഡി ക്ലാർക്കിൽ നിന്നും സിവിൽ സർവീസ് വരെ എത്ര ദൂരമുണ്ട് എന്ന് ഷാഹുൽ ഹമീദിനോട് ചോദിച്ചാൽ ദൃഢനിശ്ചയത്തിന്റെ ദൂരമേ ഉള്ളൂ എന്ന് ഷാഹുൽ ഉത്തരം പറയും. നമുക്കൊരു ലക്ഷ്യമുണ്ടെങ്കിൽ, ആ ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ, അസാധ്യമായത് ഒന്നും തന്നെയില്ല എന്നാണ് ഷാഹുലിന്റെ കഥ നമ്മളെ പഠിപ്പിക്കുന്നത്. എൽഡി ക്ലാർക്കായി ജോലിക്ക് കയറുമ്പോളും സിവിൽ സർവീസ് എന്ന സ്വപ്‌നം വിടാതെ പിടിച്ച ആളാണ് ഷാഹുൽ. വർഷങ്ങൾക്കിപ്പുറം ആ സ്വപ്‌നം സാധിച്ചെടുക്കുമ്പോൾ ഷാഹുലിന് പറയാനുള്ളത് കഠിനാധ്വാനത്തിന്റെയും സ്ഥിരപരിശ്രമത്തിന്റെയും കഥയാണ്.
ആ കഥയിലേക്ക്…
സിവിൽ സർവീസ് എന്ന മോഹം പണ്ടേയുണ്ടെങ്കിലും ആ ആഗ്രഹം നിറവേറ്റാൻ തക്കതായ സാമ്പത്തിക ചുറ്റുപാടിൽ നിന്നല്ല വരുന്നത് എന്നതിനാൽ തരക്കേടില്ലാത്ത ജോലി നേടുകയായിരുന്നു ഷാഹുലിന് മുന്നിലുണ്ടായിരുന്ന ആദ്യ കടമ്പ. ഇതിനായി 2007ൽ ഡിഗ്രി കഴിഞ്ഞയുടൻ ഒരു വർഷം പിഎസ്‌സി കോച്ചിംഗിന് പോവുകയും പിന്നീട് സോഷ്യൽ വർക്കിൽ പിജി എടുക്കുകയും ചെയ്തു. പിജി കഴിഞ്ഞയുടൻ എൽഡി ക്ലാർക്കായി ജോലി നേടിയെങ്കിലും ജോലിയിലിരിക്കെ തന്നെ പത്ത്മാസത്തിനുള്ളിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി നിയമിതനായി..
എൽഡി ക്ലാർക്കായി ജോലിയ്ക്ക് കയറുമ്പോൾ തന്നെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന്റെ ലിസ്റ്റിലും ഷാഹുൽ ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ജോലിക്കുള്ള പ്രത്യേകത എന്തെന്നാൽ പേര് സൂചിപ്പിക്കുന്നത് പോലെ സെക്രട്ടറിയേറ്റിൽ തന്നെ നിയമിതമാകണം എന്നില്ല. കേരള പിഎസ്‌സി, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ലോക്കൽ ഫണ്ട് തുടങ്ങി കേരളത്തിലെവിടെയും ഈ തസ്തികയിൽ ജോലി ചെയ്യാം. എന്നാൽ ഷാഹുലിന്റെ ആഗ്രഹം തേച്ചുമിനുക്കാനെന്ന പോലെ തിരുവനന്തപുരത്ത് തന്നെ സെക്രട്ടറിയേറ്റിൽ ഷാഹുൽ നിയമിതനായി. ഏതൊരു മത്സരപ്പരീക്ഷയ്ക്കും തയാറെടുക്കുന്നവർക്ക് പറ്റിയ വളക്കൂറുള്ള മണ്ണാണ് തിരുവനന്തപുരം എന്ന ഷാഹുലിന്റെ അഭിപ്രായത്തെ ബലപ്പെടുത്തുന്നവയായിരുന്നു തിരുവനന്തപുരത്തെ നാളുകൾ. ലൈബ്രറികളും റീഡിങ്ങ് റൂമുകളും കോച്ചിംഗ് സെന്ററുകളും ഒക്കെ സിവിൽ സർവീസ് എന്ന ഷാഹുലിന്റെ മോഹം വളർത്തിക്കൊണ്ടേയിരുന്നു.
സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരായിരുന്നു യുപിഎസ്‌സി എഴുതാനുള്ള മറ്റൊരു പ്രേരണ. തനിക്ക് സിവിൽ സർവീസ് എന്ന ആഗ്രഹം ഉണ്ടെന്ന് മനസ്സിലായതിൽ പിന്നെ 24/7 സപ്പോർട്ടാണ് ഓഫീസിൽ നിന്ന് ലഭിച്ചതെന്നാണ് ഷാഹുൽ പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളും മറ്റും ഷാഹുലിന് നൽകിയ പ്രചോദനവും ചെറുതല്ല. അങ്ങനെയിരിക്കെയാണ് 2016ൽ ആദ്യമായി ഷാഹുൽ പ്രിലിമിനറി അറ്റംപ്റ്റ് ചെയ്യുന്നത്. ജോലിയിലിരിക്കെത്തന്നെ കാര്യമായ തയാറെടുപ്പുകളില്ലാതെ എഴുതിയിട്ട് പോലും തരക്കേടില്ലാത്ത മാർക്ക് നേടിയത് ഷാഹുലിന് ആത്മവിശ്വാസം നൽകി. അടുത്ത വർഷം പ്രിലിമിനറി എഴുതിയപ്പോഴും ഇതേ റേഞ്ചിൽ മാർക്ക് നേടി. പിന്നീടാണ് കാര്യമായി പഠിച്ച് പരീക്ഷ എഴുതുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അടുത്ത തവണ പ്രിലിമിനറി എഴുതുന്നതിന് മുമ്പ് സുഹൃത്തുക്കളുമൊത്ത് മേഘാലയയ്ക്ക് ട്രിപ്പ് പോയത് മൈൻഡ് റിലാക്‌സ് ചെയ്യാൻ ഷാഹുലിനെ സഹായിച്ചിരുന്നു. ശേഷം കാര്യമായ പഠനം.
2018ൽ ആ തവണ പ്രലിമിനറി കഴിഞ്ഞ ഉടനെ ഐലേൺ അക്കാദമിയിൽ ചേരുകയും തയാറെടുപ്പുകളിലെ പോരായ്മകളൊക്കെ തിരിച്ചറിയുകയും ചെയ്തു. ആ തവണ മെയിൻസ് പാസ്സായെങ്കിലും ഇന്റർവ്യൂ കോൾ ലഭിച്ചില്ല. തുടർന്ന് അക്കാദമിയിലെ വിവിധ കോച്ചിംഗ് സെഷനുകളിൽ പങ്കെടുത്ത് 2019ൽ യുപിഎസ്‌സി വീണ്ടുമെഴുതി ഓൾ ഇന്ത്യ ലെവലിൽ 388ആം റാങ്ക് സ്വന്തമാക്കിയാണ് ഷാഹുൽ തന്റെ സ്വപ്‌നം നിറവേറ്റിയത്. ഐപിഎസ് ആണ് ഷാഹുൽ നേടിയിരിക്കുന്ന സർവീസ്. കേരളം ആണ് കേഡർ. പരീക്ഷ എഴുതുമ്പോഴോ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴോ ഒന്നും തന്നെ ഇതോട് കൂടി നിർത്താമെന്നോ സെക്രട്ടറിയേറ്റിലെ ജോലി തുടരാമെന്നോ ഒരു ഘട്ടത്തിൽ പോലും തോന്നിയിട്ടില്ല എന്നാണ് ഷാഹുൽ പറയുന്നത്. കാരണം സിവിൽ സർവീസ് എന്നത് പെട്ടന്നൊരു നിമിഷത്തെ തോന്നലല്ല ഷാഹുലിന്. ഡിഗ്രി ഫിസിക്‌സ് കഴിഞ്ഞ് പിജി സോഷ്യൽ വർക്ക് എടുത്തത് തന്നെ സാമൂഹികസേവനം മുന്നിൽ കണ്ട് കൊണ്ടായിരുന്നു. കമ്മ്യൂണിറ്റി ഫീൽഡ് വർക്കുകളും ഹോസ്പിറ്റൽ ഫീൽഡ് വർക്കുകളും മറ്റും സിവിൽ സർവീസിലേക്കുള്ള ചവിട്ട് പടിയായിരുന്നു ഷാഹുലിന്. കൂടെപ്പഠിച്ച പലരും ജെആർഎഫ് ഒക്കെ എഴുതിയെടുക്കുമ്പോഴും തന്റെ മേഖല അതല്ല എന്ന ബോധ്യം ഷാഹുലിനുണ്ടായിരുന്നു.
”ജോലി എന്നതിലുപരി പഠനം കൊണ്ട് നമുക്ക് ജീവിത്തിൽ സാധിച്ചെടുക്കാവുന്ന കുറേയധികം കാര്യങ്ങളുണ്ട്. സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാനും ലോകത്തെ കൂടുതലടുത്തറിയാനും ഒക്കെ എംഎസ്ഡബ്ല്യൂ പഠനം സഹായിച്ചിട്ടുണ്ട്. ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാനുള്ള ഉപാധിയായി വിദ്യാഭ്യാസത്തെ കാണണം.” ഷാഹുൽ പറയുന്നു. ” എംഎസ്ഡബ്ല്യൂ കഴിഞ്ഞിട്ട് എട്ട് വർഷമായി. സിവിൽ സർവീസ് എന്നത് വളരെ വലിയൊരു ആഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെ സമയം വൈകിയെന്നോ ഇപ്പോഴാണ് ആ ആഗ്രഹം നിറവേറ്റുന്നതെന്നോ തോന്നലില്ല. നമുക്കൊരു ആഗ്രഹമുണ്ടെങ്കിൽ ആ ആഗ്രഹത്തിന് വേണ്ടി കഷ്ടപ്പെടാൻ തയാറാണെങ്കിൽ എത്ര വൈകിയാണെങ്കിലും അത് നിറവേറിയിരിക്കും എന്നാണ് എന്റെ അനുഭവത്തിൽ നിന്നും എനിക്ക് പറയാനുള്ളത്.”
”സിവിൽ സർവീസ് പരീക്ഷകളെയും ഇന്റർവ്യൂവിനെയും പറ്റി ഒരുപാട് മിത്തുകളുണ്ട് ആളുകൾക്കിടയിൽ. ഇവയൊന്നും തന്നെ ശരിയല്ല. വാട്ട്‌സ്ആപ്പിൽ ഫേർവേഡ് ചെയ്തുവരുന്ന ചോദ്യങ്ങളൊന്നും തന്നെ ഇന്റർവ്യൂ ബോർഡ് ചോദിക്കുന്നവയല്ല.നമ്മുടെ വ്യക്തിത്വം അളക്കുകയാണ് ഇന്റർവ്യൂവിൽ നടക്കുന്നത്. അറിവ് പരിശോധിക്കുന്നതിനാണ് പരീക്ഷകൾ. സ്ഥിരപരിശ്രമവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ ഇവ രണ്ടും നേടിയെടുക്കാവുന്നതാണ്. സിവിൽ സർവീസ് എന്നത് ഒരു ബാലി കേറാമല അല്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.” ഷാഹുൽ കൂട്ടിച്ചേർത്തു.
പത്താം ക്ലാസ് വരെ മലയാളം മീഡിയത്തിൽ പഠിച്ച വ്യക്തിയാണ് ഷാഹുൽ. വിദേശ സിനിമകൾ കണ്ടും പത്രം വായിച്ചുമാണ് ഷാഹുൽ ഇംഗ്ലീഷിൽ പരിജ്ഞാനം നേടിയത്. സ്‌കൂൾ തലത്തിൽ തുടങ്ങിയ സിനിമ കാഴ്ച സിവിൽ സർവീസ് ഇന്റർവ്യൂവിൽ സഹായിച്ച കഥ കൂടി പറയാനുണ്ട് ഷാഹുലിന്. ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് പറഞ്ഞ കൂട്ടത്തിൽ ഒരു സിനിമയുമായി ഇന്ത്യയിലെ സാഹചര്യം താരതമ്യപ്പെടുത്താൻ സാധിച്ചത് ഇന്റർവ്യൂവിലെ തന്റെ പ്രകടനം മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് ഷാഹുലിന്റ വിശ്വാസം. മലയാളസാഹിത്യം ആയിരുന്നു ഷാഹുലിന്റെ ഓപ്ഷണൽ. ചെറുപ്പം മുതലേ നല്ല വായനാശീലം ഉണ്ടായിരുന്നത് ഓപ്ഷണൽ പരീക്ഷകളിലും ഷാഹുലിന് ഗുണമായി.
ബിഗ്ന്യൂസ് ലൈവ്, ഐലേൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘സിവിൽ സർവീസിലേക്കുള്ള വിജയ വഴികൾ ’ മോട്ടിവേഷണൽ പ്രോഗ്രാം
* സിവിൽ സർവീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
+918089166792 | +91 7510353353
www.ilearnias.com