ബിജെപി അല്ല ആര് നടത്തിയാലും ഹര്‍ത്താലിനെ അനുകൂലിക്കില്ല! ഹര്‍ത്താലും ബന്ദും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

നമ്മുടെ കുട്ടികള്‍ക്ക് ജോലിയും വരുമാനവും വേണം.

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഹര്‍ത്താലുകളും ബന്ദും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുകയാണെന്നും ബിജെപി അല്ല ആര് ഹര്‍ത്താല്‍ നടത്തിയാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി തുറന്നടിച്ചു.

ഹര്‍ത്താല്‍ നടത്തുമ്പോള്‍ ടൂറിസത്തെ മാത്രം എങ്ങനെയാണ് ഒഴിവാക്കുക. കഴിഞ്ഞദിവസത്തെ ഹര്‍ത്താലിനിടയില്‍ 2,000 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. എങ്ങനെ അവര്‍ക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും ഷോപ്പിങ് നടത്താനും കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. അടിസ്ഥാനകാര്യങ്ങളില്‍ ചിന്തവേണം.

നമ്മുടെ കുട്ടികള്‍ക്ക് ജോലിയും വരുമാനവും വേണം. അതിനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ബിജെപി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ നടത്തുന്ന സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ പ്രതികരണം. മതിയായ കാരണമില്ലാതെ ഹര്‍ത്താല്‍ നടത്തിയതില്‍ ബിജെപിക്കുള്ളില്‍ തന്നെ ഭിന്നിപ്പുണ്ടാക്കിയെന്നും സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് പിന്തുണ കുറയാന്‍ കാരണമായെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായമുണ്ട്.

Exit mobile version