കോഴിക്കോട്; മുസ്ലിംലീഗ് നേതാവ് കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് 47.35 ലക്ഷം രൂപയും 500 ഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തു. രണ്ടുദിവസങ്ങളിലായി ഷാജിയുടെ വീട്ടില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി കെവി ജയകുമാറിന്റെ മുമ്പാകെ ചൊവ്വാഴ്ച രാത്രിയോടെ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍നിന്ന് 47,35,500 രൂപയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്രയും തുക കട്ടിലിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കോഴിക്കോട്ടെയും അഴീക്കോട്ടെയും വീടുകളില്‍ നിന്നായി 500 ഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസ് 23-ന് കോഴിക്കോട് പ്രത്യേക വിജിലന്‍സ് കോടതി പരിഗണിക്കും.
കോഴിക്കോട്ടെ പരിശോധന തിങ്കളാഴ്ച രാത്രി പതിനൊന്നോടെ പൂര്‍ത്തിയായിരുന്നെങ്കിലും സൂപ്രണ്ട് എസ്. ശശീന്ദ്രന്റെ നേതൃത്വത്തില്‍ അഴീക്കോട്ട് നടന്ന റെയ്ഡ് കഴിയാന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയായി. രണ്ടിടത്തു നിന്നുമായി 77 രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തു. 2011 മുതല്‍ 2020 വരെയുള്ള ഒന്‍പത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളും ഭൂമിയിടപാടുകളുമാണ് വിജിലന്‍സ് പരിശോധിച്ച് വരുന്നത്.
Discussion about this post