എടവണ്ണ: തിങ്കളാഴ്ചയുണ്ടായ ശക്തമായ ഇടിയും മിന്നലിലും മലപ്പുറത്ത് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മിന്നലേറ്റാണ് രണ്ടു പേരും മരണപ്പെട്ടത്. ചുങ്കത്തറ കുറുമ്പലങ്ങോട് കാവുംപാടം കോളനിയിലെ കണയന്‍കയ്യ് ദിവാകരനും പിലാപറമ്പ് കൊങ്ങുംപ്പാറ അബ്ദുല്‍ റസാഖ് മകന്‍ ഷമീമുമാണ് മിന്നലേറ്റ് മരിച്ചത്.
കുണ്ടുതോട് മൂലത്ത് പറമ്പില്‍ കടവിന് സമീപം തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയാണ് ദിവാകരന് മിന്നലേറ്റത്. ചാലിയാര്‍ പുഴയുടെ തീരത്ത് മൂലത്ത് പറമ്പ് കടവില്‍ കുടില്‍ കെട്ടി താമസിച്ചാണ് ഇവരുടെ കുടുംബങ്ങളും അയല്‍ക്കാരുമടക്കമുള്ളവര്‍ സ്വര്‍ണ്ണം അരിച്ചെടുത്ത് ഉപജീവനം നടത്തിവന്നിരുന്നത്.
തിങ്കളാഴ്ച വൈകിട്ട് 5:30ടെ ജോലിക്ക് ശേഷം കുളി കഴിഞ്ഞ് ടെന്റിലേക്ക് നടന്നു വരുന്നതിനിടെ ദിവാകരന് ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഭാര്യ: സീത (പള്ളിക്കുത്ത്). മക്കള്‍: മുത്തു, നന്ദു. മരുമകള്‍: വിചിത്ര (പോത്തുകല്ല്). വീട്ടില്‍ വെച്ചാണ് ഷമീമിന് മിന്നലേറ്റത്.
കഴിഞ്ഞ ദിവസം ശക്തമായ ഇടിമിന്നലാണ് സംസ്ഥാനത്ത് ഉടനീളം കണ്ടുവന്നത്. ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.