വട്ടിയൂർക്കാവ്: കടുത്ത ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തെ മണ്ഡലങ്ങളിലൊന്നായ വട്ടിയൂരക്കാവിൽ കോൺഗ്രസ് പ്രാദേശിക നേതാക്കൾ തന്ന യെുഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചെന്ന് റിപ്പോർട്ട്. തങ്ങളുടെ സ്ഥാനാർത്ഥിയെ തോൽപിക്കാൻ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ തന്നെ ചരടുവലിച്ചതായി ആരോപണം ഉയർന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ നോട്ടീസുകൾ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതോടെയാണ് ആരോപണം ശക്തമായിരിക്കുന്നത്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ വോട്ട് അഭ്യർത്ഥന നോട്ടീസുകളാണ് പേരൂർക്കട ഭാഗത്തെ വാഴത്തോപ്പിൽ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മണ്ഡലത്തിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചുള്ള നോട്ടീസുകളാണ് ഉപേക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം വീണ എസ് നായരുടെ ഉപയോഗിക്കാത്ത 50 കിലോ പോസ്റ്റർ നന്തൻകോടിന് സമീപത്തെ ആക്രിക്കടയിൽ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു.
ഇതിനിടെ, വട്ടിയൂർക്കാവിൽ പാർട്ടിവിരുദ്ധപ്രവർത്തനം നടന്നിട്ടുണ്ടോയെന്ന സംശയം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്ചകൾ അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പിസി വിഷ്ണുനാഥിനെ ഉൾപ്പടെ പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ വീണ എസ് നായർ സ്ഥാനാർത്ഥിയായത് കോൺഗ്രസ് പ്രാദേശിക ഘടങ്ങളെ ഭിന്നിപ്പിച്ചെന്നാണ് സൂചന.
Discussion about this post