കോവിഡ് പോസിറ്റീവെന്ന് ഫോണില്‍ സന്ദേശം; പരിഭ്രാന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു, അപകടത്തില്‍പ്പെട്ട യുവതിയെ സഹായിക്കാതെ ആംബുലന്‍സുകാരും

കൊല്ലം: കോവിഡ് പോസിറ്റീവായ യുവതി അപകടത്തില്‍പ്പെട്ടപ്പോള്‍ ആംബുലന്‍സുകള്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് ആരോപണം. കൊല്ലം കടയ്ക്കല്‍ സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് അപകടത്തില്‍പ്പെട്ട് ഒന്നരമണിക്കൂറോളം റോഡില്‍ കഴിയേണ്ടി വന്നത്.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഞ്ചലിലെ സ്വകാര്യ ലാബോറട്ടറയില്‍ നിന്നും കോവിഡ് പരിശോധന നടത്തി കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടയാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ഫോണിലൂടെ ലഭിക്കുന്നത്. ഇതുകേട്ട് പരിഭ്രാന്തിയിലായ ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.

സമീപത്തെ വൈദ്യുതത്തൂണിലിടിച്ച വാഹനം തലകീഴായി മറിഞ്ഞു. ചെറിയ പരിക്കുകളുണ്ടായിരുന്ന യുവതി കാറില്‍ നിന്നും സ്വയം പുറത്തേക്കിറങ്ങിയെങ്കിലും കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം.

സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന യുവതിക്ക് പിപിഇ കിറ്റ് നല്‍കിയിരുന്നുവെങ്കിലും കോവിഡ് രോഗിയെ കൊണ്ടു പോകാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നായിരുന്നു ഇവരുടെ നിലപാട്. വീട്ടിലാക്കിയാല്‍ മതിയെന്ന് യുവതി തന്നെ ആവശ്യപ്പെട്ടതനുസരിച്ച് കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്ക് മുന്നിലെ സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും ആരും സഹായിക്കാന്‍ മുന്നോട്ട് വന്നില്ലെന്നാണ് പരാതി.

പിന്നീട് കടയ്ക്കല്‍ പോലീസ് ഇടപെട്ട് 108 ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും യുവതിയെ സഹായിക്കാന്‍ ഇവരും തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഒടുവില്‍ സ്ത്രീയുടെ ബന്ധുവായ മറ്റൊരു യുവതി എത്തി കാറിലാണ് ഇവരെ വീട്ടിലേക്ക് മാറ്റിയത്.

Exit mobile version