കെഎം ഷാജിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ വിദേശ കറൻസിയും പിടിച്ചെടുത്തു; സ്വർണവും നിർണായക രേഖകളും കണ്ടെത്തി; കുടുക്കാനുള്ള ശ്രമത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് എംഎൽഎ

km shaji

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിൽ കണ്ടെടുത്തത് വിദേശ കറൻസിയും 50 പവൻ സ്വർണവും 72 ഡോക്യുമെന്റ്‌സുകളും. ഇതോടൊപ്പം വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില നിർണായക രേഖകളും പരിശോധനയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഷാജിയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം. റെയ്ഡ് വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ഇന്ന് കോഴിക്കോട് വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടന്ന റെയ്ഡിൽ അരകോടി രൂപയാണ് പിടിച്ചെടുത്തത്.

ഇന്നലെയാണ് കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിൽ വിജിലൻസ് റെയ്ഡ് നടന്നത്. രണ്ടു വീടുകളിലും ഒരേ സമയമായിരുന്നു പരിശോധന. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഷാജിയുടെ വീട്ടിൽ വിജിലൻസ് എസ്പി ശശിധരന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

km shaji1

ഇതിനിടെ, തന്റെ വസതിയിൽ നിന്നും പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നാണ് കെഎം ഷാജി പ്രതികരിച്ചത്. വിജിലൻസിനെ ഉപയോഗിച്ച് പിണറായി വിജയൻ പകപോക്കുകയാണെന്നും ഷാജി ആരോപിച്ചു. രേഖകൾ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം അനുവദിക്കണമെന്നും വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസം അവധിയായതിനാൽ പണം ബാങ്കിൽ അടക്കാനായില്ല. സ്ഥാനാർത്ഥിയായതിനാൽ പണം കൈവശമുണ്ടാവുമെന്ന് കരുതിയാണ് വിജിലൻസുകാർ പണം എടുത്തത്. ഇത് തനിക്ക് തിരിച്ച് നൽകേണ്ടി വരുമെന്നും ഉറപ്പാണ്.

KM Shaji | political news

എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടിയപ്പോഴും റെയ്ഡ് നടത്തിയപ്പോഴും വീട്ടിൽ സൂക്ഷിച്ചത്. തന്റെ സ്വത്തുക്കൾ സംബന്ധിച്ച് കൃത്യമായ രേഖകൾ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാൻ തയ്യാറാണ്. തന്നെ എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമമമാണ് നടത്തുന്നത്. അതിനു മുന്നിൽ മുട്ടുമടക്കില്ലെന്നും കെഎം ഷാജി പറഞ്ഞു.

Exit mobile version