കോവിഡ് പോസിറ്റീവ് ആണെന്ന് സന്ദേശമെത്തി; പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ തൂണിലിടിച്ച് തലകീഴായി മറിഞ്ഞു; സഹായിക്കാതെ ആംബുലൻസുകൾ; റോഡിൽ കഴിഞ്ഞത് മണിക്കൂറുകൾ

covid-patient_

പ്രതീകാത്മക ചിത്രം

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ടു വൈദ്യുതത്തൂണിലിടിച്ചു അപകടം. കാർ അപകടത്തിൽരപ്പെട്ട് തല കീഴായി മറിയുകയായിരുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളും തയാറാകാതിരുന്നതോടെ നടുറോഡിൽ ഇവർക്ക് മണിക്കൂറുകൾ കഴിയേണ്ടിയും വന്നു.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോവിഡ് പരിശോധനയ്ക്കു ശേഷം അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ പോയി മടങ്ങിയ ഇവർ പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടിലേക്കു പോകുകയായിരുന്നു. അധികം വൈകാതെ കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശം നാൽപതുകാരിയെ തേടിയെത്തി. ഇതുകേട്ടയുടൻ പരിഭ്രാന്തിയിലായ ഇവർ ഓടിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു.

അപകടത്തിൽ യുവതിയുടെ മുഖത്തു നിസ്സാര പരുക്കേറ്റു. കാർ പൂർണമായും തകർന്നു. കാറിൽ നിന്നു യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും, കോവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാൻ 108 ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ളവർ തയാറായില്ല. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പിപിഇ കിറ്റ് നൽകി യുവതിയെ വഴിയരികിൽ ഇരുത്തിയെങ്കിലും കോവിഡ് രോഗിയെ കൊണ്ടുപോകാൻ ഫയർ ആംബുലൻസ് ഉപയോഗിക്കാൻ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു പിന്മാറി. പിന്നീട് കടയ്ക്കൽ പോലീസ് ഇടപെട്ട് 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും യുവതിയെ വീട്ടിലാക്കാൻ അവരും തയാറായില്ല. ഒന്നര മണിക്കൂറിനു ശേഷം ബന്ധുവായ യുവതി എത്തി ഇവരെ കാറിൽ വീട്ടിലേക്കു കൊണ്ടുപോയി.

Exit mobile version