മലപ്പുറം: കൈ ഒടിഞ്ഞ് ചികിത്സയ്‌ക്കെത്തിച്ച കുട്ടി മരിച്ചു. സംഭവത്തില്‍ അനസ്‌തേഷ്യ ചെയ്തപ്പോള്‍ ഡോസ് കൂടിയതാണ് മരണത്തിലേയ്ക്ക് വഴിവെച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയിലെത്തി സംഘര്‍ഷമുണ്ടാക്കി. ആലത്തിയൂരിലെ സഹകരണ ആശുപത്രിയില്‍ വെച്ചാണ് സംഭവം.
അണ്ണശ്ശേരി കുട്ടമ്മാക്കല്‍ സ്വദേശി താഴത്തെ പീടിയക്കല്‍ ഖലീല്‍ ഇബ്രാഹിമിന്റെയും ഭാര്യ തൃപ്രങ്ങോട് ആനപ്പടിയിലെ ഉമ്മുഹബീബയുടെയും മൂന്നര വയസ്സുള്ള മിസ്റ ഫാത്തിമയാണ് മരണപ്പെട്ടത്. വീട്ടിലെ കട്ടിലില്‍ നിന്ന് വീണ് കൈ ഒടിഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
ആലത്തിയൂരിലെ ഇമ്പിച്ചിബാവ ഹോസ്പിറ്റലിലാണ് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. കൈക്ക് ബാന്റെജിട്ടെങ്കിലും കുട്ടി വേദന കൊണ്ട് കരഞ്ഞപ്പോള്‍ മയക്കാനുള്ള മരുന്ന് കൊടുത്ത് വീണ്ടും ബാന്റെജിടാമെന്ന് പറഞ്ഞു. തുടര്‍ന്ന് അനസ്‌തേഷ്യ നല്‍കുകയും, ഡോസ് കൂടിപ്പോയത് മരണത്തിലേയ്ക്ക് വഴിവെയ്ക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
കുട്ടിയുടെ മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആശുപത്രിയും ചമ്രവട്ടം – തിരൂര്‍ റോഡും ഉപരോധിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ശേഷം, പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
Discussion about this post