കോന്നി: അമിതവേഗതയില്‍ എത്തിയ മിനിലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണ് വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരന്റെ കാലൊടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് കോന്നി – പൂങ്കാവ് റോഡില്‍ മരങ്ങാട്ടുമുക്കിനു സമീപം ആനക്കടവിലായിരുന്നു അപ്രതീക്ഷിത സംഭവം.
ഇളകൊള്ളൂര്‍ സോപാനത്തില്‍ ബിജുകുമാറിന്റെ മകന് രോഹിത്തിന്റെ ഇടതുകാലാണ് ഒടിഞ്ഞത്. കോന്നിയില്‍നിന്ന് വട്ടക്കാവിലെ ഗോഡൗണിലേക്കു പോയ മിനിലോറിയില്‍ നിന്നാണ് റോഡിനു താഴെയുള്ള വീട്ടിലേക്ക് കാലിയായ സിലിണ്ടര്‍ തെറിച്ചു വീണത്. ഈ സമയം, വരാന്തയില്‍ മറ്റൊരു കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രോഹിത്തിന്റെ കാലിലേയ്ക്ക് വന്ന് വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ടാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്.
ലോറി നിര്‍ത്തി ജോലിക്കാര്‍ ഇറങ്ങിവന്ന് ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറയുകയും സിലിണ്ടര്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തെന്ന് വീട്ടുകാരും പറയുന്നു. വീട്ടുകാര്‍ അതുവഴി വന്ന കാറില്‍ കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം, പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Discussion about this post