കണ്ണൂര്‍: സംസ്ഥാനത്ത് വാക്സീന് ക്ഷാമം ഗുരുതര പ്രശ്നമായി മാറുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്സിനേഷന് തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ വാക്സീന് എത്തിക്കാനായി കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിട്ടുണ്ട്. വാക്സിന് തീരെ ലഭിക്കുന്നില്ല എന്ന ആക്ഷേപം കേരളത്തിന് ഇല്ല. എല്ലാവരുടേയും ജീവന് പ്രധാനപ്പെട്ടതായതിനാല്‍ കയറ്റി അയക്കാന്‍ പാടില്ലെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ നമുക്ക് വാക്സീന് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് കയറ്റി അയക്കാനെന്നും മന്ത്രി വിശദീകരിച്ചു.
കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണ്. രോഗവ്യാപനം കൂടിയതിനാല്‍ ആള്‍ക്കൂട്ടം കുറച്ചേ മതിയാകൂ. ആറ്റുകാല്‍ പൊങ്കാല നടത്തിയത് പോലെ പ്രതീകാത്മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയിലൂടെ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂട്ടായ്മയുണ്ടായതും രോഗ വ്യാപനത്തിനിടയാക്കി. എന്നാല്‍ ജനിതകമാറ്റം വന്ന വൈറസ് കൂടുതലായി കേരളത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, നിലവിലെ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ ദിവസവും പതിനായിരം രോഗികളെന്ന നിരക്കിലേക്ക് എത്തിയേക്കുമെന്നും പറഞ്ഞു. രോഗവ്യാപനം വളരെയധികം വര്‍ധിച്ച ഈ മാസം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരും. കേന്ദ്രം തന്നെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനിടയുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
Discussion about this post