ആറന്മുള: മോഷണക്കേസ് പ്രതി വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ഇടയാക്കി. മോഷണക്കേസ് പ്രതി പന്നിവേലിച്ചിറ സ്വദേശി ഇരുട്ട് ഉണ്ണി എന്നു വിളിക്കുന്ന പ്രതീഷ് (23) ആണ് അർധരാത്രിയിൽ പോലീസ് കസ്റ്റഡിയിൽനിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ടത്.
സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരാണ് പ്രതിയെ പരിശോധനയ്ക്കായി എത്തിച്ചത്. എഎസ്‌ഐക്കാണ് പ്രതിയുടെ സുരക്ഷാ ചുമതല നൽകിയിരുന്നെങ്കിലും അദ്ദേഹം പിന്നീട് പ്രതിയെ പോലീസുകാരെ ഏൽപ്പിച്ച്് വിടുകയായിരുന്നുവെന്ന് പറയുന്നു. ഒടുവിൽ കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾനീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ പുഞ്ചപ്പാടത്തുനിന്ന് പുലർച്ചെയോടെ പോലീസ് സാഹസികമായി പിടികൂടി.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ശനിയാഴ്ച രാത്രി 11.45നാണ് സംഭവങ്ങളുടെ തുടക്കം. പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വൈദ്യപരിശോധനയുടെ ഭാഗമായി ഉയരവും ഭാരവും നോക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരെ കബളിപ്പിച്ച് പ്രതി കടന്നുകളഞ്ഞു. പോകുന്ന വഴിയിൽ വെച്ച് കൈയ്യിലെ വിലങ്ങ് ഇയാൾ മുറിച്ചുനീക്കിയിരുന്നു.
മോഷണക്കുറ്റം കൂടാതെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടതിനും വിലങ്ങ് മുറിച്ചതിനും പ്രതിക്ക് എതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ പോക്‌സോ കേസിലും ഇയാൾ പ്രതിയായിരുന്നു. ആറന്മുള എസ്എച്ച്ഒ ജി ജയകുമാർ, എസ്‌ഐമാരായ രാജീവ്, ഹരീന്ദ്രൻ, സിപിഒമാരായ ജോബിൻ, ജയകൃഷ്ണൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പോലീസ് കസ്റ്റഡിയിൽനിന്ന് പ്രതി മുങ്ങുന്ന സംഭവം പത്തനംതിട്ട ജില്ലയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തേതാണ്. കുമ്പഴയിൽ അഞ്ചുവയസ്സുകാരിയെ പീഡനമേൽപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛൻ അലക്‌സും (23) പത്തനംതിട്ട പോലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. ഏറെ പരിശ്രമിച്ച് നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഒരു പോലീസുകാരനെ സസ്‌പെൻഡ് ചെയ്തിരുന്നു.
Discussion about this post