പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇറങ്ങാനായി പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തിൽ ഹെലിപാഡ് നിർമ്മിച്ചതിലൂടെ ഉണ്ടായ നാശനഷ്ടങ്ങൾ തീർക്കാൻ ചെലവ് ബിജെപി വഹിക്കണമെന്ന് നഗരസഭാ അധ്യക്ഷൻ.
ബിജെപിയുടെ അപേക്ഷ പ്രകാരമാണ് ഹെലികോപ്റ്റർ ഇറക്കുന്നതിനായി താൽക്കാലിക ഹെലിപാഡ് നിർമ്മിക്കാൻ സ്റ്റേഡിയം വിട്ടുകൊടുത്തത്. എന്നാൽ ഇതുവരെ ഹെലിപാഡ് പൊളിച്ചു നീക്കിയിട്ടില്ല. ഇനി സ്റ്റേഡിയം പൂർവ്വ സ്ഥിതിയിലാക്കുന്നതിനുള്ള ചെലവ് ബിജെപി വഹിക്കണമെന്നാണ് നഗരസഭാ ചെയർമാൻ ആവശ്യപ്പെട്ടത്. സംഭവത്തിൽ ചെയർമാൻ ജില്ലാ ഭരണകൂടത്തിന് കത്ത് നൽകുകയും ചെയ്തു.
ഹെലിപാഡ് പൊളിച്ചു മാറ്റാത്തതിനാൽ കായിക പരിശീലനത്തിനെത്തുന്ന വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലായിരുന്നു. ഇവർ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നഗരസഭ പരാതി നൽകിയിരിക്കുന്നത്.
ഹെലിപ്പാഡിന്റെ നിർമ്മാണത്തോടെ സ്റ്റേഡിയത്തിന്റെ വലിയൊരു ഭാഗം നശിച്ച നിലയിലാണ്. സ്റ്റേഡിയത്തിലേക്ക് ഇറക്കി നിർമ്മിച്ച റോഡിലൂടെ വാഹനങ്ങൾ സ്റ്റേഡിയത്തിലേക്ക് ഇറക്കുന്നത് ട്രാക്ക് നശിക്കുന്നതിന് കാരണമായെന്നും വാർത്തകൾ ഉണ്ടായിരുന്നു.
Discussion about this post