ആലപ്പുഴ: മലയാള മനോരമയ്ക്കും പ്രാദേശികമായ ചില മാധ്യമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. കഴിഞ്ഞ ഒന്നു രണ്ട് മാസമായി രാഷ്ട്രീയ ക്രിമിനൽ സ്വഭാവത്തിൽ സത്യവിരുദ്ധമായ അപകീർത്തികരമായ വാർത്തകൾ കൊടുത്ത് മലയാള മനോരമ ആക്രമിക്കുകയാണെന്ന് ജി സുധാകരൻ പേരെടുത്ത് തന്നെ വിമർശിക്കുന്നു.
‘പലതും കണ്ടില്ലെന്നു നടിച്ചു. വന്ന് വന്ന് അസ്ഥിവാരത്തെ തോണ്ടുന്ന തരത്തിൽ യാതൊരു വിധ ലജ്ജയുമില്ലാതെ വാർത്ത കൊടുത്തു കൊണ്ടിരിക്കുകയാണ്. എല്ലാ മാധ്യമങ്ങളുമില്ല. ചില മാധ്യമങ്ങളിലെ ചിലയാളുകൾ പെയ്ഡ് റിപ്പോർട്ടറെപ്പോലെ പെരുമാറുന്നു’ സുധാകരൻ കുറ്റപ്പെടുത്തി
‘ഉദാഹരണത്തിന്, കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കുന്ന മാധ്യമമല്ലെ മലയാള മനോരമ. അഞ്ചാമത്തെ വയസ്സിൽ വായിക്കാൻ തുടങ്ങിയതാ ഞാൻ. ഇന്നുവരെ വായന നിർത്തിയിട്ടില്ല. കാശുകൊടുത്ത് വാങ്ങിക്കുന്നതാ. ഇന്നത്തെ മനോരമയിൽ ഒരു വാർത്തയാണ്. തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎമ്മിൽ സംഘർഷം, തോൽപ്പിക്കാൻ ചില നേതാക്കൾ ശ്രമിച്ചെന്ന് ഒരു വിഭാഗം, ഇതാണ് തലക്കെട്ട്. യാതൊരു വിവാദവും സിപിഎമ്മിൽ നടന്നിട്ടില്ല’, സുധാകരൻ പറഞ്ഞു.
വാസ്തവവിരുദ്ധമായ സിപിഎം വാർത്തകൾ നൽകുന്ന മനോരമ അവരുടെ മിസിൻഫോർമർ ആരാണെന്ന് വെളിപ്പെടുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. പോസ്റ്റർ കീറി ഒട്ടിച്ചതാണ് വിവാദം. കീറിയതിന് ആരിഫിനല്ല ഉത്തരവാദിത്വം. ഇത്തരം വാർത്തകൾ കൊടുത്ത് ക്രഡിബിലിറ്റി കളയുകയാണ് ഈ മാധ്യമമെന്നും സുധാകരൻ ആരോപിച്ചു.
സെക്രട്ടേറിയറ്റിൽ ഇത്തരമൊരു ചർച്ചയും ഉണ്ടായിട്ടില്ല. എന്നിട്ട് സെക്രട്ടറിയേറ്റിൽ പറഞ്ഞു എന്ന് ആരോപിച്ച് കൊടുക്കുന്നു. ബോധപൂർവ്വം സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ പോലെ പ്രവർത്തിക്കുകയാണ് പ്രസ്തുത മാധ്യമത്തിലെ പ്രാദേശിക മാധ്യമക്കാർ. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം വഹിക്കേണ്ട സംസ്ഥാന നേതാവ് അവസാന നിമിഷം വരെ വിട്ടുനിന്നു. ഇത് സംബന്ധിച്ച് പിണറായിക്ക് റിപ്പോർട്ട് ചെയ്തെന്നും വാർത്ത വന്നു. എന്നാൽ വിട്ടു നിന്ന നേതാവ് ആരെന്ന് പറയൂ സുധാകരൻ ആവശ്യപ്പെട്ടു.
പാർട്ടിയുടെ കടിഞ്ഞാൺ ഇപ്പോഴും പോളിറ്റ് ബ്യൂറോയുടെ കയ്യിലാണ്. തന്നെ ആരും ഒതുക്കാൻ വന്നിട്ടില്ല. സാമാന്യ മര്യാദയില്ലാത്ത കശ്മലൻമാർ മാത്രം പറയുന്നതാണ് ഇതെല്ലാം. 55 വർഷമായി ഞാൻ പാർട്ടിയിൽ. സമരം ചെയ്തും ജയിലിലും പോയും പാർട്ടി പ്രവർത്തനം നടത്തി. സിഐടിയു, കർഷകതൊഴിലാളി തുടങ്ങിയവയിലെല്ലാം പാർട്ടി പറഞ്ഞപോലെ പ്രവർത്തിച്ചിട്ടുണ്ട്. 65 യോഗത്തിലാണ് ഞാൻ ഈ ഇലക്ഷൻ കാലത്ത് പ്രസംഗിച്ചത്. എന്നിട്ട് ഞാൻ പ്രവർത്തിച്ചിട്ടില്ലെന്നാണ് ആ പത്രം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഞങ്ങൾ വോട്ട് പിടിച്ച് വോട്ടെല്ലാം പെട്ടിയിലായ ശേഷം പറയുകയാണ് ഞാൻ പ്രവർത്തിച്ചിട്ടില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
Discussion about this post